കർഷക സമരം ; ഇന്ന് രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ രാജ്യവ്യാപക സമരം ഇന്ന്. താലൂക്ക്- ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും. 28 ന് മൂന്നാംഘട്ട സമരപരിപാടികൾ പ്രഖ്യാപിക്കാനുള്ള കൂടിയാലോചനകൾ തുടരുകയാണ്. ഡൽഹി അതിർത്തികളിലെ കർഷക സമരം 92 ദിവസം പിന്നിട്ടു.

അതേ സമയം യുപിയിലെ മഥുരയിൽ ചേർന്ന കർഷക മഹാപഞ്ചായത്തിൽ കോൺഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി കർഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. അതിർത്തികളിലെ കേന്ദ്ര സൈന്യവിന്യസം ഫെബ്രുവരി 26 വരെ നീട്ടിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

ചെങ്കോട്ട അക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ദില്ലി പോലിസ് അറസ്റ്റ് ചെയ്തു. ജനുവരി 26ലെ ചെങ്കോട്ട അക്രമണത്തിനു ശേഷം ജമ്മുവിലേക്ക് ഒളിവിൽ പോയവരെ ആണ് അറസ്റ്റ് ചെയ്തത്.ഇതിനിടെ തിക്രിയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് പതിക്കാനെത്തിയതിനെതിരെ കർഷകർ പ്രതിഷേധിച്ചു. സമാധാനപരമായി സമരം തുടരുമ്പോൾ നോട്ടിസിന്റെ ആവശ്യമില്ലെന്നാണ് കർഷക സംഘടനകളുടെ പ്രതികരണം.

മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കിയിരുന്നു.പാര്‍ലമെന്റ് മാര്‍ച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോള്‍ വേണമെങ്കിലും വരാമെന്നും രാജസ്ഥാനിലെ സികാറില്‍ സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

 

Top