കർഷക സമരം മോദിക്ക് വലിയ ‘പാഠം’ നഷ്ടമായത് കർക്കശക്കാരനെന്ന ഇമേജ്

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ മോദിയെ പ്രേരിപ്പിച്ചത് പ്രധാനമായും രണ്ടു ഘടകങ്ങളാണ്. ഇതില്‍ പ്രധാനം ഐ.ബി റിപ്പോര്‍ട്ടാണ്. കേന്ദ്രത്തില്‍ മൂന്നാം ഊഴം ലക്ഷ്യമിടുന്ന മോദിയെ ഞെട്ടിച്ച വിവരങ്ങളാണ് ഐ.ബിയില്‍ നിന്നും ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകസഭ തിരഞ്ഞെടുപ്പില്‍ മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പിലും ഭരണപക്ഷത്തിന് വലിയ തിരിച്ചടിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. യു.പിയില്‍ കര്‍ഷക പ്രക്ഷോഭത്തിനിടയിലേക്ക് കേന്ദ്ര മന്ത്രിയുടെ മകന്‍ വാഹനം ഇടിച്ചു കയറ്റിയതും കര്‍ഷകര്‍ കൊല്ലപ്പെട്ടതും കേന്ദ്ര സര്‍ക്കാറിനെതിരായ വികാരമാണ് ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന റിപ്പോര്‍ട്ടാണ് ഐ.ബി നല്‍കിയിരിക്കുന്നത്. ഇതു സംബന്ധമായി ആര്‍.എസ്.എസ് നേതൃത്വവുമായും അമിത് ഷാ അടക്കമുള്ള നേതാക്കളുമായും ആശയവിനിമയം നടത്തിയ ശേഷമാണ് മോദി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം വീണ്ടും ശക്തിപ്പെടുമോ എന്ന ആശങ്ക ബി.ജെ.പി നേതൃത്വത്തിനുണ്ട്. എന്നാല്‍ അത്തരം പ്രക്ഷോഭം ഉണ്ടായാലും രാഷ്ട്രീയമായി ഗുണമേ ചെയ്യൂ എന്ന നിലപാടിലാണ് സംഘപരിവാര്‍ നേതൃത്വമുള്ളത്. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന വോട്ട് ബാങ്കില്‍ കര്‍ഷകര്‍ക്ക് വിള്ളല്‍ വീഴ്ത്താന്‍ കഴിയുമെന്നതിനാലാണ് കര്‍ഷക സമരം ഒത്തു തീര്‍പ്പാക്കാന്‍ ആര്‍.എസ്.എസ് പച്ചക്കൊട്ടി കാട്ടിയിരുന്നത്. പരിവാര്‍ തൊഴിലാളി സംഘടനകളും ഇതേ ആവശ്യം തന്നെയാണ് ഉയര്‍ത്തിയിരുന്നത്. യു.പിയില്‍ വീണാല്‍ പിന്നാലെ മറ്റു സംസ്ഥാനങ്ങളും ഒടുവില്‍ കേന്ദ്ര ഭരണവും വീഴുമെന്നാണ് വൈകിയെങ്കിലും മോദി ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.

അതേസമയം, ഒരുവര്‍ഷത്തെ പോരാട്ടത്തിനിടയില്‍ 700 ല്‍ അധികം കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഇതെല്ലാം വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. കര്‍ഷകര്‍ക്കു നേരെ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനും ഗുണ്ടകളും വാഹനം ഇടിച്ചുകയറ്റിയപ്പോള്‍ കൊല്ലപ്പെട്ടത് നാല് കര്‍ഷകരാണ്.

2020 ജൂണ്‍ 5നാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദമായ മൂന്നു കാര്‍ഷിക ബില്ലുകള്‍ പ്രഖ്യാപിച്ചിരുന്നത്. സെപ്തംബര്‍ 14നായിരുന്നു ഓര്‍ഡിനന്‍സ് അവതരിപ്പിച്ചിരുന്നത്. ഭരണപക്ഷത്തിന്റെ ഭൂരിപക്ഷം ഉപയോഗിച്ച് പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സ് പാസ്സാക്കാന്‍ ബി.ജെ.പിക്ക് എളുപ്പത്തിലാണ് കഴിഞ്ഞിരുന്നത്. തുടര്‍ന്ന്, സെപ്തംബര്‍ 24ന് പഞ്ചാബില്‍ കര്‍ഷകര്‍ മൂന്നു ദിവസത്തെ ട്രെയില്‍ തടയലോടെയാണ് സമരം ആരംഭിച്ചിരുന്നത്. നവംബര്‍ 25ന് ഡല്‍ഹി ചല്ലോ റാലിക്ക് പഞ്ചാബ് കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകരും ആഹ്വാനം ചെയ്യുകയുണ്ടായി.

നവംബര്‍ 26ന് ഹരിയാനയിലെ ആംബാല ജില്ലയില്‍ വച്ച് കര്‍ഷക റാലിക്ക് നേരെ പൊലീസ് നരനായാട്ടുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡിസംബര്‍ 3ന് കര്‍ഷക പ്രതിനിധികളുമായി സര്‍ക്കാര്‍ ആദ്യഘട്ട ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഡിസംബര്‍ 8ന് ഭാരത് ബന്ദിന് കര്‍ഷകര്‍ ആഹ്വാനം ചെയ്യുകയുണ്ടായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വലിയ പിന്തുണയും ലഭിക്കുകയുണ്ടായി. ഡിസംബര്‍ 9ന് മൂന്ന് നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം കര്‍ഷക നേതാക്കള്‍ നിരസിച്ചു. നിയമങ്ങള്‍ റദ്ദാക്കുന്നത് വരെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും അവര്‍ പ്രഖ്യാപിക്കുകയുണ്ടായി.

ഡിസംബര്‍ 11ന് ഭാരതീയ കിസാന്‍ യൂണിയന്‍ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സൂപ്രീം കോടതിയെ സമീപിച്ചു. ഇതേതുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ കര്‍ഷക സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തി പാനല്‍ രൂപീകരിക്കാമെന്ന് കോടതിയെ അറിയിച്ചെങ്കിലും ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. ജനുവരി 12നാണ് കര്‍ഷക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നത്. നിയമനിര്‍മാണങ്ങളില്‍ ശുപാര്‍ശകള്‍ നല്‍കാന്‍ നാലംഗ സമിതിയെയും കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിക്കുകയുണ്ടായി. ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകരും പൊലീസും ഏറ്റുമുട്ടിയതോടെ ഒരു സമരക്കാരന്‍ മരണപ്പെട്ടത് രാജ്യവ്യാപകമായി വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരുന്നത്.

പിന്നീട് ഡല്‍ഹി അതിര്‍ത്തിയിലെ സമര കേന്ദ്രങ്ങളിലും സംഘര്‍ഷം തുടര്‍ക്കഥയായി മാറി. ബി.ജെ.പി പ്രവര്‍ത്തകരും കര്‍ഷകരും ഏറ്റുമുട്ടുന്ന അവസ്ഥയും ചില സ്ഥലങ്ങളില്‍ ഉണ്ടായി. ഒടുവില്‍ അത് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വാഹനം കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ച് കയറ്റുന്നതിലാണ് കലാശിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാറിനെയും സംഘപരിവാര്‍ സംഘടനകളെയും പ്രതിരോധത്തിലാക്കിയ ഈ സംഭവം ഉപതിരഞ്ഞെടുപ്പിലും വലിയ രൂപത്തിലാണ് ബി.ജെ.പിക്ക് തിരിച്ചടിയായി മാറിയിരുന്നത്. ഈ അവസ്ഥ വരുന്ന തിരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെയാണ് വൈകിയാണെങ്കിലും കോര്‍പ്പറേറ്റ് അനുകൂല നിയമത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍തിരിഞ്ഞിരിക്കുന്നത്. കര്‍ഷക രോഷം തണുപ്പിക്കാതെ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ കഴിയില്ലന്ന് സാക്ഷാല്‍ മോദിക്കും മനസ്സിലായി കഴിഞ്ഞു. കുറച്ചു ദിവസം സമരം ചെയ്ത ശേഷം കര്‍ഷകര്‍ സ്വയം പിരിഞ്ഞു പോകുമെന്ന ഭരണകൂട കണക്കുകൂട്ടലുകളെ കൂടിയാണ് കര്‍ഷകര്‍ ഇപ്പോള്‍ പൊളിച്ചടുക്കിയിരിക്കുന്നത്.

EXPRESS KERALA VIEW

Top