കര്‍ണാടകയെ സ്തംഭിപ്പിച്ച് കര്‍ഷക ബന്ദ്; നാട്ടിലേക്ക് വരാനാകാതെ വലഞ്ഞ് മലയാളികള്‍

Karnataka-strike

ബെംഗളുരു: കര്‍ണാടകയില്‍ മഹാദയി നദി തര്‍ക്കവുമായി ബന്ധപ്പെട്ടു കര്‍ഷക സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലില്‍ വലഞ്ഞ് മലയാളികള്‍. അവധി പ്രമാണിച്ച് നാട്ടിലേക്കു വരാനൊരുങ്ങിയ മലയാളികളെ ബന്ദ് വെട്ടിലാക്കി. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്തതിനാല്‍ നാട്ടിലേക്ക് വരാന്‍ സാധിക്കാതെ കുടുങ്ങിക്കിടക്കുകയാണ്. ടെക് കമ്പനികളായ വിപ്രോയും ഇന്‍ഫോസിസും ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

എന്നാല്‍, മെട്രോ സര്‍വീസുകളെ ബന്ദ് ബാധിച്ചിട്ടില്ല. തെക്കന്‍ ജില്ലകളായ മാണ്ഡ്യയിലെയും ബെംഗളുരുവിലെയും സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചു. എന്നാല്‍ വടക്കന്‍ ജില്ലകളായ ഗുല്‍ബര്‍ഗയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം, ഇന്ന് രണ്ടരയ്ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മൈസുരുവില്‍ പരിവര്‍ത്തന യാത്രയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നുണ്ട്. സമ്മേളനത്തെയും ബന്ദ് ബാധിക്കുമെന്നാണു റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്ന ഫെബ്രുവരി നാലിനും ബെംഗളുരുവിലും കര്‍ഷക സംഘടനകള്‍ ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്.

Top