പൂര്‍വ്വാധികം ശക്തിയോടെ കര്‍ഷക സമരം മുന്നോട്ട്, പിടഞ്ഞു വീണത് ‘108’

രാജ്യത്തെ കര്‍ഷക പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. സമരഭൂമിയില്‍ ഇതിനകം തന്നെ പിടഞ്ഞു വീണിരിക്കുന്നതാകട്ടെ 108 കര്‍ഷകരാണ്. അമ്പരപ്പിക്കുന്ന കണക്കുകളാണിത്. ജനുവരി 26 ലെ സംഭവങ്ങള്‍ക്ക് ശേഷം കര്‍ഷകരുമായി ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. ഇതും വലിയ രോക്ഷത്തിനാണിപ്പോള്‍ കാരണമായിരിക്കുന്നത്. തണുപ്പ് മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 108 കര്‍ഷകരാണ് മരിച്ചിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. ആരെയും ഞെട്ടിക്കുന്ന കണക്കുകള്‍ തന്നെയാണിത്.

കേന്ദ്ര സര്‍ക്കാറിന്റെ പിടിവാശിയാണ് നിലവില്‍ ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണം. ഇനിയും കേന്ദ്രം മുഖം തിരിച്ചാല്‍ കൂടുതല്‍ കര്‍ഷകരുടെ ജീവനാണ് അപകടത്തിലാകുക. മോദി സര്‍ക്കാറിന്റെ കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷിക നിയമം പിന്‍വലിക്കും വരെ സമരത്തില്‍ നിന്നും പിന്‍മാറില്ലന്ന് ഒരിക്കല്‍ കൂടി കര്‍ഷകരിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അസാധാരണമായ സ്ഥിതി വിശേഷമാണിത്. ലോകം ശ്രദ്ധിച്ച പ്രക്ഷോഭത്തില്‍ മോദി ഭരണകൂടത്തിന്റെ മുഖമാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 27 നാണ് ദില്ലി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ പ്രക്ഷോഭം എത്തിയിരുന്നത്.

പൊലീസിനു പുറമെ ഡിസംബറിലെയും ജനുവരിയിലെയും മരംകോച്ചുന്ന തണുപ്പും കര്‍ഷകര്‍ക്ക് വില്ലനായിരുന്നു. ഒപ്പമുള്ളവരില്‍ പലരും വിറങ്ങലിച്ച് മരിച്ചിട്ടും വീടുകളിലേക്ക് മടങ്ങി പോകാന്‍ ഇതുവരെയും കര്‍ഷകര്‍ തയ്യാറായിട്ടില്ല. ഭരണകൂടത്തെ മാത്രമല്ല പ്രകൃതിയുടെ വിളയാട്ടത്തെയും നേരിടുന്ന പോരാട്ട വീര്യമാണിത്. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാതെ ഒരു കാരണവശാലും മടങ്ങില്ലെന്നാണ് ഇപ്പോഴും കര്‍ഷകര്‍ പറയുന്നത്. കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ 11 ചര്‍ച്ചകളും ഇതിനകം തന്നെ പരാജയപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങള്‍ സമരത്തിന്റെ മാറ്റ് കുറച്ചെങ്കിലും ഇപ്പോള്‍ സമരപന്തലുകള്‍ പഴയ ആവേശത്തില്‍ തന്നെയാണുള്ളത്.

പൊലീസ് നടപടിയും ടൂള്‍ക്കിറ്റ് വിവാദവുമൊന്നും സമരത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. മഹാപഞ്ചായത്തുകള്‍ വിളിച്ചു ചേര്‍ത്ത് എല്ലാ സംസ്ഥാനങ്ങളിലും സമരത്തിനുള്ള പിന്തുണ കൂട്ടുകയാണ് കര്‍ഷകരിപ്പോള്‍ ചെയ്യുന്നത്. പ്രക്ഷോഭം നൂറാം ദിവസം പിന്നിടുമ്പോഴും കര്‍ഷക സമരത്തിന്റെ ആവേശം കുറയാത്തത് കേന്ദ്ര സര്‍ക്കാറിനെയും നിലവില്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സത്രീകളടക്കമുള്ള കര്‍ഷകരുടെ പുതിയ സംഘങ്ങള്‍ ഇപ്പോഴും സമരകേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്. ഫെബ്രുവരി എട്ടിന് മഹിള മഹാപഞ്ചായത്തും നടത്തുന്നുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പുകളിലേക്ക് രാഷ്ട്രീയ ശ്രദ്ധ മാറുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ പ്രചരണത്തിനിറങ്ങാനാണ് കര്‍ഷകരുടെ മറ്റൊരു തീരുമാനം. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും ഇതിനായി വിപുലമായ പ്രചരണങ്ങളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

കര്‍ഷകദ്രോഹനയങ്ങള്‍ സ്വീകരിക്കുന്ന ബി.ജെ.പിക്ക് വോട്ട് നല്‍കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടും. ഇതിനു വേണ്ടിയുള്ള പ്രചാരണം പശ്ചിമ ബംഗാളില്‍ നിന്നും 12ന് ആരംഭിക്കും. അസം, തമിഴ്‌നാട്, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളിലും കര്‍ഷക സംഘടനകള്‍ ശക്തമായ കാമ്പയിന്‍ നടത്തും. ബി.ജെ.പിയെ സംബന്ധിച്ച് അപ്രതീക്ഷിതമായ ഈ നീക്കം വലിയ വെല്ലുവിളിയായി മാറാനാണ് സാധ്യത. തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍ മൂന്നിലെങ്കിലും ബി.ജെ.പി മുന്നണിക്ക് അധികാരത്തില്‍ എത്താന്‍ കഴിയണമെന്നതാണ് മോദി ആഗ്രഹിക്കുന്നത്. എന്നാല്‍ കര്‍ഷക രോഷം വ്യാപിച്ചാല്‍ പ്രതീക്ഷയുള്ള സംസ്ഥാനങ്ങളില്‍ പോലും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയാനാണ് എല്ലാ സാധ്യതയും.

 

Top