കര്‍ഷകര്‍ക്ക് പിന്തുണ; ട്രക്ക് വീടും സൗജന്യ ഭക്ഷണവും നല്‍കി ജലന്ധര്‍ സ്വദേശി

ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ട്രക്കില്‍ വീടൊരുക്കി ജലന്ധര്‍ സ്വദേശി ഹര്‍പ്രീത് സിങ് മാത്തു. യുഎസില്‍ താമസിക്കുന്ന മൂത്ത സഹോദരന്റെ നിര്‍ദേശപ്രകാരമാണ് ഹര്‍പ്രീത് ഡിസംബര്‍ രണ്ടിന് സമരത്തില്‍ പങ്കെടുക്കാനെത്തിയത്.

ഭാര്യ, മകന്‍, അനന്തരവന്‍ തുടങ്ങി ഒരു സംഘമാളുകളുമായി അഞ്ച് ട്രക്കുകളിലായാണ് ഹര്‍പ്രീത് സിംഘുവിലെത്തിയത്. അതിലൊരു ട്രക്കിനെ ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളുമൊരുക്കി താത്ക്കാലിക വാസസ്ഥലമാക്കി മാറ്റുകയാണ് ഹര്‍പ്രീത് ചെയ്തത്. സോഫ, കിടക്ക, ടിവി കൂടാതെ ഒരു ടോയ് ലറ്റും ട്രക്കിനുള്ളിലുണ്ട്. സുഹൃത്തുക്കളുടെ സഹായത്തോടെ ഒന്നര ദിവസം കൊണ്ടാണ് വീടിന്റെ പണി പൂര്‍ത്തിയാക്കിയത്.

സമരമുഖത്തുള്ള കര്‍ഷകര്‍ക്ക് ചായയും ഭക്ഷണവും വിതരണം ചെയ്യാന്‍ ‘ഗുരുദ്വാര സാഹിബ് റിവര്‍സൈഡ് കാലിഫോര്‍ണിയ ലംഗര്‍ സേവ’യും ഹര്‍പ്രീത് ആരംഭിച്ചിട്ടുണ്ട്.  ഗുരുദ്വാരകളോടനുബന്ധിച്ച് സൗജന്യ ഭക്ഷണ വിതരണം നടത്തുന്ന പൊതുഅടുക്കളയാണ് ലംഗര്‍. രാവിലെ മുതല്‍ രാത്രി വരെ ഇവിടെ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഏകദേശം പതിനായിരത്തോളം പേര്‍ ദിവസേന ലംഗറില്‍ നിന്നുള്ള ഭക്ഷണസൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഹര്‍പ്രീത് പറയുന്നു. 80-90 ആളുകള്‍ പാചകത്തിനും മറ്റുമായി സഹായത്തിനെത്തുന്നുമുണ്ട്.

Top