കര്‍ഷക സമരം; രാജ്യവ്യാപകമായി കരിദിനം ആചരിച്ചു

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കാലത്തും കര്‍ഷകരോടുള്ള മോഡി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കരിദിനം ആചരിച്ചു. രാജ്യവ്യാപകമായി അരങ്ങേറിയ പ്രതിഷേധത്തില്‍ കോവിഡ് മാനദണ്ഡം പാലിച്ചാണ് കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ അണിനിരന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രക്ഷോഭം തുടങ്ങി ആറ് മാസമായിട്ടും ഫലപ്രദമായ ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് കരിദിനാചരണത്തിന് ആഹ്വാനം നല്‍കിയത്.

രാജ്യത്തെ ജനങ്ങള്‍ ഏറ്റെടുത്തതോടെ വീടുകളും തൊഴിലിടങ്ങളും പൊതുസ്ഥാപനങ്ങളും ഇന്നലെ പ്രതിഷേധവേദികളായി മാറി. കറുത്ത കൊടികള്‍ ഉയര്‍ത്തിയും പ്രധാനമന്ത്രിയുടെ കോലം കത്തിച്ചും മുദ്രാവാക്യം വിളിച്ചും കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടുള്ള രോഷം പ്രതിഷേധക്കാര്‍ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ പട്ടിണി മാറ്റുന്ന അന്നദാതാക്കളായ കര്‍ഷകരുടെ ജീവന്‍ രക്ഷിക്കണമെന്ന് പ്രതിപക്ഷകക്ഷികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പത്ത് കേന്ദ്ര ട്രേഡ് യൂണിയന്റെ പൊതുവേദിയും ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷനുകളും 12 പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും പൂര്‍ണ പിന്തുണ നല്‍കി.

Top