ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം വഴിമാറുമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: തിങ്കളാഴ്ചത്തെ ചര്‍ച്ചയിലും കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന് കര്‍ഷക സംഘടനകള്‍. കനത്ത മഴയെ തുടര്‍ന്ന് സിംഗുവിലെ സമരവേദിയില്‍ നിന്ന് കര്‍ഷകര്‍ മാറി. ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ഇന്നലെ ഒരു കര്‍ഷകന്‍ കൂടി തണുപ്പ് മൂലം മരിച്ചു.

നിയമങ്ങള്‍ പിന്‍വലിക്കുക, താങ്ങുവിലക്കായി നിയമം എന്നീ അടിസ്ഥാന ആവശ്യങ്ങളില്‍ തീരുമാനമാകാതെ മടക്കമില്ലെന്ന് മുപ്പത്തിയെട്ടാം ദിനത്തിലും കര്‍ഷകര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അഹങ്കാരം വെടിയണമെന്ന് കര്‍ഷക നേതാക്കള്‍ അതിര്‍ത്തിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാലാം തീയതി സര്‍ക്കാരില്‍ നിന്നും അഞ്ചാം തീയതി സുപ്രീംകോടതിയില്‍ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ആറിന് ദില്ലിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തും. റിപ്പബ്ലിക് ദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ പരേഡ് നടത്തും. ട്രാക്ടര്‍ ഇല്ലാത്ത ഇടങ്ങളില്‍ മറ്റ് വാഹനങ്ങള്‍ ഉപയോഗിച്ചും പരേഡ് നടത്തുമെന്നും കര്‍ഷകസംഘടനാനേതാക്കള്‍ പറയുന്നു.

Top