കര്‍ഷകര്‍ സത്യാഗ്രഹത്തിലൂടെ മോദിയുടെ ധാര്‍ഷ്ട്യം പൊളിച്ച് കയ്യില്‍ കൊടുത്തെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകര്‍ സത്യാഗ്രഹത്തിലൂടെ ധാര്‍ഷ്ട്യത്തെ പരാജയപ്പെടുത്തി എന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘കേന്ദ്ര തീരുമാനം കര്‍ഷക സമരത്തിന്റെ വിജയമാണ്. കര്‍ഷകര്‍ സത്യാഗ്രഹത്തിലൂടെ അഹങ്കാരത്തെ തോല്‍പിച്ചു. ജയ് ഹിന്ദി, ജയ് കര്‍ഷകര്‍…’ രാഹുല്‍ ട്വീറ്റ് ചെയ്തു. ”എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക, സര്‍ക്കാരിന് കാര്‍ഷിക നിയമങ്ങള്‍ തിരിച്ചെടുക്കേണ്ടി വരും” എന്ന തന്റെ പഴയ ട്വീറ്റിനൊപ്പമാണ് രാഹുലിന്റെ പ്രതികരണം.

നേരത്തെ, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നുവെന്നാണ് മോദി പറഞ്ഞത്. പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഒരാള്‍ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top