കർഷകർ ഇന്ന് വീണ്ടും ഡൽഹിയിലേക്ക്;അതിർത്തികളിൽ സുരക്ഷ വർദ്ധിപ്പിക്കും

ര്‍ഷകര്‍ ഇന്ന് വീണ്ടും ഡല്‍ഹിയിലേക്ക്. പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ച കര്‍ഷകര്‍ ബസുകളിലും ട്രെയിനുകളിലുമായി ഇന്ന് ഡല്‍ഹിയിലെത്തും. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ വലിയ സുരക്ഷാ വിന്യാസമുണ്ട്. ഇതിന് പുറമെ റയില്‍വേ സ്റ്റേഷനുകളിലും മെട്രോ സ്റ്റേഷനുകളിലും സുരക്ഷ വര്‍ദ്ധിപ്പിക്കും.

ഹരിയാന പൊലിസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട ശുഭ് കരണ്‍ സിംഗിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ 1 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ശുഭ് കരണ്‍ സിംഗിന്റെ കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും ആവശ്യപ്പെട്ടിരുന്നു. നഷ്ട്പരിഹരമായി 1 കോടി നല്‍കുമെന്നും, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും, നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാന്‍ അറിയിച്ചു.കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചിരുന്നു. ഖനൗരി അതിര്‍ത്തിയില്‍ സമരം ചെയ്ത പട്യാല സ്വദേശി കര്‍നെയില്‍ സിങാണ് മരിച്ചത്. കണ്ണീര്‍ വാതക പ്രയോഗത്തെ തുടര്‍ന്നുണ്ടായ ശ്വാസകോശ അണുബാധ മൂലം കഴിഞ്ഞ മാസമാണ് മരണം സംഭവിച്ചത്. സമരത്തിനിടെ മരിക്കുന്ന ആറാമത്തെ കര്‍ഷകനാണ് കര്‍നെയില്‍ സിങ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി – ഹരിയാന ദേശീയപാത അതിര്‍ത്തിയില്‍ പൊതുജനത്തിനായി ഗതാഗതം തുറന്ന് നല്‍കിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ എത്തുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ അര്‍ദ്ധരാത്രി മുതല്‍ വീണ്ടും സുരക്ഷ കര്‍ശനമാക്കി. നഗരത്തിനകത്തും വിവിധ ഇടങ്ങളില്‍ പരിശോധന ഉണ്ടാകും. നേരത്തെ ട്രാക്ടറുകളില്‍ എത്തിയ കര്‍ഷകരെ ഹരിയാന പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാ സേന തടഞ്ഞിരുന്നു.

Top