സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷകർ

ൽഹി : കേന്ദ്രവുമായുള്ള എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കൂടുതല്‍ സമരരൂപങ്ങളിലേക്ക് കടക്കാന്‍ കര്‍ഷക സംഘടനകള്‍. സിംഗുവിലെ പ്രക്ഷോഭ കേന്ദ്രത്തില്‍ ഇന്ന് കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ നിശ്ചയിക്കും. ഈമാസം പതിനഞ്ചിന് നിശ്ചയിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കണമോയെന്നതിലും തീരുമാനമെടുക്കും. അതേസമയം, ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭം നാല്‍പത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു.

കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള ഇന്നലത്തെ ചര്‍ച്ച സമ്പൂര്‍ണ പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ മാത്രമാകണം ചര്‍ച്ചയെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു. എന്നാല്‍, നിയമം കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. പ്രശ്‌നപരിഹാരമാകാത്ത സാഹചര്യത്തില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷക സംഘടനകള്‍ തയാറെടുക്കുന്നത്. ജനുവരി 26ന് രാജ്പഥില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിട്ടുണ്ട്.

Top