ഏലത്തിന് വിലയിടിഞ്ഞതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കര്‍ഷകര്‍

ഇടുക്കി: ഏലത്തിന് വിലയിടിഞ്ഞതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കര്‍ഷകര്‍. ഉത്പാദന ചെലവ് വര്‍ധിച്ചതും തൊഴിലാളി ക്ഷാമവുമാണ് കൃഷി അവസാനിപ്പിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

ഇടുക്കി ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരുടെ പ്രതീക്ഷയും സ്വപ്നവുമെല്ലാം ഏലം കൃഷിയില്‍ നിന്നുള്ള വരുമാനമായിരുന്നു. തുടര്‍ച്ചയായി ഏലത്തിനുണ്ടാകുന്ന വിലയിടിവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കിലോഗ്രാമിന് 5000 രൂപ വരെ വില ലഭിച്ചിരുന്ന ഏലത്തിന് നിലവില്‍ ലഭിക്കുന്നത് 800 രൂപ മാത്രമാണ്. വളത്തിന്റെയും കീടനാശിനികളുടെയും വിലവര്‍ദ്ധനവും തൊഴിലാളി ക്ഷാമവും കൂലി വര്‍ധനയുമാണ് കൃഷി അവസാനിപ്പിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.

മഴയില്‍ ഉണ്ടായ അഴുകലും രോഗബാധയും മൂലം വ്യാപക കൃഷി നാശമാണ് ജില്ലയില്‍ ഉണ്ടായത്. ലോണെടുത്തും വായ്പ വാങ്ങിയും കൃഷിയിറക്കിയ കര്‍ഷകര്‍ വെട്ടിലായി. വിപണിയില്‍ വില കുത്തനെ ഇടിയുമ്പോഴും ഏലത്തിന് വില സ്ഥിരത ഉറപ്പാക്കാന്‍ സര്‍ക്കാരോ സ്‌പൈസസ് ബോര്‍ഡോ ഇടപെടുന്നില്ലെന്ന ആരോപണവും കര്‍ഷകര്‍ ഉന്നയിക്കുന്നു.

Top