കര്‍ഷകര്‍ക്ക് പിന്തുണ; വീണ്ടും ട്രാക്ടര്‍ റാലി നടത്താനൊരുങ്ങി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ കിസാന്‍ മഹാപഞ്ചായത്തുമായി രാഹുല്‍ഗാന്ധിയും. ശനിയാഴ്ച രാജസ്ഥാനിലെ അജ്മീറില്‍ രാഹുല്‍ ട്രാക്ടര്‍ റാലി നടത്തും. കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ഇതിനുശേഷം സമരത്തില്‍ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിരുന്നില്ല. കര്‍ഷകരുടെ സമരം കേന്ദ്രസര്‍ക്കാരിന് വലിയ രാഷ്ട്രീയ പ്രതിസന്ധി ആയതോടെയാണ് രാഹുല്‍ ഗാന്ധി വീണ്ടും രംഗപ്രവേശനം ചെയ്യുന്നത്.

12,13 തീയ്യതികളില്‍ രാജസ്ഥാനിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. സമരം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ യുപിയിലും ഹരിയാനയിലും മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുന്നതിടെ കോണ്‍ഗ്രസിന്റെ പുതിയ നീക്കം പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷത്തില്‍ നാല്‍പ്പത് കര്‍ഷക നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചു.

എന്നാല്‍ പൊലീസില്‍ നിന്ന് ഇത്തരത്തില്‍ നോട്ടീസ് ഇതുവരെ കിട്ടിയില്ലെന്നാണ് കര്‍ഷകനേതാക്കള്‍ പറയുന്നത്. ഇതിനിടെ ചെങ്കോട്ട സംഘര്‍ഷത്തില്‍ ഇന്നലെ അറസ്റ്റിലായ 65കാരന്‍ സുഖ്‌ദേവ് സിങ്ങ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളാണെന്ന് പൊലീസ് പറയുന്നു. ചെങ്കോട്ട സംഘര്‍ഷത്തിലെ പ്രധാനപ്രതിയായ നടന്‍ ദീപ് സിദ്ദു, ഗുണ്ടാ നേതാവ് ലക്കാന്‍ സാധന എന്നിവര്‍ എവിടെയാണെന്ന് നിര്‍ണ്ണായക വിവരം കിട്ടിയെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷത്തില്‍ ഇതുവരെ 127 പേരാണ് അറസ്റ്റിലായത്.

Top