ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ഷകര്‍ ബംഗാളിലേക്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന ആവശ്യവുമായി കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ പശ്ചിമ ബംഗാളിലേക്ക് നീങ്ങാനൊരുങ്ങുന്നു.പശ്ചിമ ബംഗാളില്‍ ഭരണം പിടിക്കണമെന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനിറങ്ങിയതോടെയാണ് കര്‍ഷക പ്രക്ഷോഭകര്‍ പശ്ചിമ ബംഗാളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ കൊല്‍ക്കത്തയിലായതിനാല്‍ കര്‍ഷകരും അവിടേക്കു പോവുകയാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. മാര്‍ച്ച് 13ന് കൊല്‍ക്കത്തയിലെത്തി കര്‍ഷകരുമായി സംസാരിക്കും.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലേക്ക് ഉടന്‍ യാത്രതിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളും വ്യക്തമാക്കി. ബംഗാളില്‍ മാര്‍ച്ച് 12,13,14 തീയ്യതികളില്‍ മഹാപഞ്ചായത്തുകള്‍ ചേരും.

കൊല്‍ക്കത്തിലാണ് ആദ്യയോഗം. മധ്യപ്രദേശില്‍ മാര്‍ച്ച് 14-നും 15-നും ഒഡിഷയില്‍ 19-നും കര്‍ണാടകയില്‍ 20, 21, 22 തീയതികളിലും മഹാപഞ്ചായത്തുകള്‍ നടക്കും. ഭഗത്സിങ്ങിന്റെ ജന്മവാര്‍ഷികദിനത്തില്‍ ജയ്പുരില്‍ കിസാന്‍ മഹാപഞ്ചായത്ത് ചേരും.

 

Top