കര്‍ഷകര്‍ ഒരുമ്പെട്ടാല്‍ അമരീന്ദറും തുണക്കില്ല; ബിജെപിക്ക് വന്‍തിരിച്ചടി പുതിയ പ്രഖ്യാപനം

ന്യൂഡല്‍ഹി: സമരവഴി ഉപേക്ഷിച്ച് ഭരണകൂടത്തിനെതിരെ നേരിട്ട് പോരാന്‍ ഒരുങ്ങി കര്‍ഷകര്‍. 22 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് സംയുക്ത സമാജ് മോര്‍ച്ച എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. വരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.

സംയുക്ത സമാജ് മോര്‍ച്ചയെ ബല്‍ബീര്‍ സിങ് രജേവാള്‍ തിരഞ്ഞെടുപ്പില്‍ നയിക്കും. ആം ആദ്മി പാര്‍ട്ടിയുമായി ഇവര്‍ സഖ്യമുണ്ടാക്കിയേക്കുമെന്നും വിവരമുണ്ട്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പില്‍ 117 സീറ്റിലും മത്സരിച്ചേക്കുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

33 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് വിവാദ കര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തിയിരുന്നത്. ഇതില്‍ 22 കര്‍ഷക സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നു കര്‍ഷക സംഘടനകള്‍ കൂടി പിന്തുണ നല്‍കുമെന്നാണ് വിവരം.

നേരത്തെ, ഹരിയാനയിലെ കര്‍ഷക നേതാവ് ഗുര്‍ണം സിങ് ചാരുണി സംയുക്ത സംഘര്‍ഷ് എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പഞ്ചാബിലും പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നാല്‍ അമരീന്ദറിന്റെ പിന്തുണയില്‍ പഞ്ചാബ് പിടിക്കാമെന്ന് കരുതിയിരിക്കുന്ന ബിജെപിക്ക് വമ്പന്‍ തിരിച്ചടി തന്നെയായിരിക്കും കര്‍ഷകരുടെ പുതിയ പ്രഖ്യാപനം.

Top