കർഷക സമരം ഒരു വർഷമാകുന്നു, ഭരണകൂട ‘വൈറസു’കളെയും ‘തുരത്തി’

രാജ്യ തലസ്ഥാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ നീതിക്കു വേണ്ടി നടത്തുന്ന സമരം ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ പോവുകയാണ്. 2021 നവംബര്‍ 26നാണ് ഒരു വര്‍ഷം പൂര്‍ത്തിയാവുക. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ പ്രതിഷേധമായി ഇതിനകം തന്നെ ഈ സമരം മാറിക്കഴിഞ്ഞു. 500 ല്‍ പരം കര്‍ഷക സംഘടനകള്‍ ഉള്‍പ്പെട്ട കിസാന്‍ സംയുക്ത മോര്‍ച്ചയാണ് പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കുന്നത്.

പഞ്ചാബില്‍ നിന്നു മാത്രം 11 ഇടതുപക്ഷ സംഘടനകളും ഈ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ബി.ജെ.പി സര്‍ക്കാറുകളുടെ കൊടിയ മര്‍ദ്ദനങ്ങളെ അതിജീവിച്ചാണ് വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടുന്ന കര്‍ഷകര്‍ സമരത്തില്‍ പങ്കാളികളായിരിക്കുന്നത്. അസുഖം പിടിച്ചും മറ്റും മരിച്ചവരടക്കം 630 കര്‍ഷകരാണ് സമരത്തോടനുബന്ധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഞെട്ടിക്കുന്ന കണക്കാണിത്.

ഇനിയും ഭരണകൂടം കണ്ണു തുറന്നില്ലങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. രാജ്യത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി കൂടി നേരിട്ടതോടെ ബി.ജെ.പിയിലും ഭിന്നത പ്രകടമാണ്. ഈ പോക്കു പോയാല്‍ അടുത്ത് തന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടി ബി.ജെ.പി ഭയക്കുന്നുണ്ട്. കര്‍ഷക രോഷം ഏറ്റവും അധികം പ്രകടമാകാന്‍ സാധ്യത ഉള്ളത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് യു.പി സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങള്‍ കൈവിട്ടാല്‍ പ്രത്യേകിച്ച് യു.പി കൈവിട്ടാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയുടെ മൂന്നാം ഊഴത്തിന് അത് വലിയ തിരിച്ചടിയായി മാറും.

ഇത് മുന്‍ കൂട്ടി കണ്ട് തിരഞ്ഞെടുപ്പിനു മുന്‍പ് കര്‍ഷകര്‍ക്കായി ഒരു ഫോര്‍മുല ഉണ്ടാക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ്ങിനെ മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. അതേസമയം വിവാദ കര്‍ഷക നിയമം പൂര്‍ണ്ണമായും പിന്‍വലിക്കാതെ തിരികെ വീടുകളിലേക്ക് മടങ്ങില്ലന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍ ഉള്ളത്.

ഈ സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ രണ്ടു മലയാളി മുഖങ്ങളുണ്ട്. സി.പി.എം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ നേതാക്കളായ വിജു കൃഷ്ണനും പി. കൃഷ്ണപ്രസാദുമാണ് ഈ മുന്നണി പോരാളികള്‍. നേരത്തെ കെ.കെ രാഗേഷും ഡല്‍ഹി അതിര്‍ത്തിയിലെ സമരവേദിയില്‍ സജീവ സാന്നിധ്യമായിരുന്നു.

പിന്നീട് കേരള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതോടെയാണ് അദ്ദേഹം കളംവിട്ടിരുന്നത്. സമരം തുടങ്ങി ഇന്നുവരെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും സമരരംഗത്ത് ഒഴിവ് എടുക്കാതെ നിലയുറപ്പിച്ചവരാണ് മലയാളികളായ കമ്യൂണിസ്റ്റുകള്‍. 500-ല്‍പ്പരം സംഘടനകള്‍ കിസാന്‍ സംയുക്ത മോര്‍ച്ചയിലുണ്ടെങ്കിലും ഡോ- തോമസ് ഐസക്ക് ചൂണ്ടിക്കാട്ടിയതു പോലെ അഖിലേന്ത്യാ കിസാന്‍ സഭയുടെ പങ്കാളിത്തവും സംഭാവനയും സവിശേഷം തന്നെയാണ്.

ഈ കര്‍ഷക സമരത്തിന്റെ ബുദ്ധി കേന്ദ്രം തന്നെ കിസാന്‍സഭയാണ്. മുംബൈയിലക്ക് കിസാന്‍ സഭ നടത്തിയ ലോങ്ങ് മാര്‍ച്ചാണ് രാജ്യത്തെ കര്‍ഷക സമരങ്ങള്‍ക്ക് പുത്തന്‍ ആവേശം പകര്‍ന്നിരുന്നത്. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കിസാന്‍ സഭ സംഘങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. രാജസ്ഥാന്‍ ബോര്‍ഡറിലെ ഷാജഹാന്‍പൂര്‍ സമരകേന്ദ്രംആംറാ റാമിന്റെ നേതൃത്വത്തില്‍ രാജസ്ഥാനിലെ കിസാന്‍ സഭയാണു നടത്തുന്നത്.

ഹരിയാനയിലെ കിസാന്‍ സഭ നേതൃത്വം മുഴുവന്‍ സമയവും സജീവമാണ്. കിസാന്‍ സമരവും സംയുക്ത ട്രേഡ് യൂണിയന്‍ സമരവും കോര്‍ത്തിണക്കുന്നതിന് നേതൃത്വം നല്‍കുന്നതും ഇടതുപക്ഷക്കാരാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഐക്യദാര്‍ഡ്യ സമരങ്ങള്‍ക്ക് ഏറ്റവും മുന്‍കൈയെടുത്തിട്ടുള്ളതും കിസാന്‍ സഭയാണ്.

ഡല്‍ഹിയെ പ്രകമ്പനംകൊള്ളിച്ച സിഎഎ വിരുദ്ധസമരം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടം അടിച്ചമര്‍ത്തിയപ്പോള്‍ കോവിഡിനെ പോലും വെല്ലുവിളിച്ചാണ് കര്‍ഷക സമരം ഇപ്പോഴും മുന്നേറി കൊണ്ടിരിക്കുന്നത്. എന്നതും നാം ഓര്‍ക്കണം. ആവേശകരമായ കാഴ്ച തന്നെയാണിത്.

EXPRESS KERALA VIEW

Top