കർഷക ‘തീ’യിൽ ഉരുകി ബി.ജെ.പി, യു.പി ഭരണവും കൈവിട്ട് പോകും ?

രു വര്‍ഷത്തോളമായി തുടരുന്ന കര്‍ഷക സമരം പുതിയ രൂപത്തിലേക്കാണ് ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെ മാത്രമല്ല യു.പി ഹരിയാന ഭരണകൂടങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തിയാണ് കര്‍ഷക സമരം ശക്തിപ്പെട്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്കും സംയുക്ത കിസാന്‍ മോര്‍ച്ച സമരം വ്യാപിപ്പിച്ചിട്ടുണ്ട്. കര്‍ഷക സമരത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. നിരവധി പേര്‍ ഗുരുതര പരുക്കുകളോടെ ജീവനു വേണ്ടി പിടയുന്ന കാഴ്ചയും ഭയാനകമാണ്.

ലഖിംപൂരില്‍ ചിതറിയ ആ ചോരത്തുള്ളികള്‍ ഇപ്പോള്‍ തെറിച്ചിരിക്കുന്നത് ഇന്ദ്രപ്രസ്ഥത്തിലേക്കാണ്. സംഭവത്തില്‍ കേന്ദ്ര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും കര്‍ഷകരോഷം ആളിപ്പടരുക തന്നെയാണ് ചെയ്യുന്നത്. യു.പിക്കു പുറമെ ഹരിയാന, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബീഹാര്‍ സംസ്ഥാനങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു കഴിഞ്ഞു. മന്ത്രിമാര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഒടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആശിഷിന് പുറമേ മറ്റ് പതിനാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആശിഷാണ് കാറോടിച്ച് കയറ്റിയതെന്ന കാര്യത്തില്‍ കര്‍ഷക സംഘടനകളും ഉറച്ച് നില്‍ക്കുകയാണ്. സംഭവസമയത്ത് താന്‍ മറ്റൊരിടത്തായിരുന്നുവെന്ന ആശിഷ് മിശ്രയുടെ അവകാശവാദവും കര്‍ഷകര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ബാന്‍ബിര്‍പുര്‍ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നുവെന്നുമാണ് ആശിഷ് മിശ്ര വാദിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ഇത് സ്ഥിരീകരിക്കുമെന്നാണ് അവകാശവാദം.

ഇതിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ രാം കശ്യപ് എന്ന മാധ്യമപ്രവര്‍ത്തകനും മരണപ്പെട്ടിട്ടുണ്ട്. പ്രതിഷേധ തീയില്‍ ഉരുകുന്ന യു.പിയില്‍ എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ടിരിക്കുകയാണിപ്പോള്‍ യോഗീ ഭരണകൂടം. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇതോടെ സജീവമായി കഴിഞ്ഞു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാഥവ്, കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര ആസാദ് തുടങ്ങിയ നേതാക്കളെ ലഖിംപുര്‍ ഖേരിയിലേക്ക് കടത്തിവിടാതെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാര്‍ക്കും സംഭവ സ്ഥലത്തേക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

അഖിലേഷിനെ കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് ജീപ്പും പ്രതിഷേധക്കാര്‍ കത്തിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹവുമായി കര്‍ഷകര്‍ നടത്തിയ ഉപരോധം യോഗി ഭരണകൂടത്തെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ രാജ്യവ്യാപകമായാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. 80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പി മോദിയെ സംബന്ധിച്ച് മൂന്നാം ഊഴത്തിന് നിര്‍ണ്ണായകമാണ്. യു.പി കൈവിട്ടാല്‍ കേന്ദ്രത്തിലെ ബി.ജെ.പി പ്രതീക്ഷയും അതോടെ അസ്തമിക്കും. അടുത്ത് തന്നെ നടക്കാനിരിക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പ് അതുകൊണ്ട് തന്നെ ബി.ജെ.പിക്ക് ഏറെ നിര്‍ണ്ണായകമാണ്. യു.പി പഞ്ചാബ് തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് കര്‍ഷക സമരം തീര്‍ക്കാന്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ മുന്‍ നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ചില നീക്കങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു ഈ നീക്കമാണിപ്പോള്‍ കൂട്ട കൊലപാതകത്തിലൂടെ പൊളിഞ്ഞിരിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യം അനുകൂലമാക്കി യു.പി പിടിക്കാന്‍ സമാജ് വാദി പാര്‍ട്ടിയും പഞ്ചാബ് പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുമാണ് ശക്തമായി രംഗത്തുള്ളത്. പാര്‍ട്ടിയിലെ പിളര്‍പ്പാണ് പഞ്ചാബിലെ കോണ്‍ഗ്രസ്സ് നേരിടുന്ന പ്രധാന വെല്ലുവിളി. എങ്കിലും കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം ഉപയോഗപ്പെടുത്താന്‍ അവരും പരമാവധി ശ്രമിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലും ഇതിന്റെ ഭാഗം തന്നെയാണ്. ഇതിനിടെ ലഖിംപുര്‍ ഖേരി സംഭവത്തില്‍ പ്രതിഷേധിച്ച് സമരം ശക്തിപ്പെടുത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയും തീരുമാനിച്ചിട്ടുണ്ട്. സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭ ഇടപെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം ഉണ്ടായിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനെതിരെ സിംഘുവിലും തിക്രിയിലും ഗാസിപൂരിലും കര്‍ഷകര്‍ തമ്പടിച്ചിട്ട്ഒരു വര്‍ഷത്തോളമായി. എന്നിട്ടും വിവാദ നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സമരത്തിന്റെ ഭാഗമായി അനവധി പേരാണ് മരണപ്പെട്ടിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും ശക്തമായ സമരമായാണ് കര്‍ഷക സമരം മാറിയിരിക്കുന്നത്. സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായാണ് കര്‍ഷകര്‍ സമര മുഖത്ത് എത്തിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കര്‍ഷകരും ഇതിനകം തന്നെ സമര വേദികളിലെത്തിയിട്ടുണ്ട്. യു.പിയിലെ കൂട്ട കുരുതിയിലൂടെ സമരം മറ്റൊരുഘട്ടത്തിലേക്കാണ് ഇപ്പോള്‍ കടന്നിരിക്കുന്നത്. ബി.ജെ.പി ഭരണകൂടങ്ങള്‍ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് കര്‍ഷക പ്രക്ഷോഭം മാറിയിരിക്കുന്നത്. ഇനിയും ധിക്കാരം തുടര്‍ന്നാല്‍ യു.പിയില്‍ യോഗി മാത്രമല്ല ഡല്‍ഹിയില്‍ നിന്നും സാക്ഷാല്‍ മോദി പോലും തെറിക്കുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. അതും വ്യക്തമാണ്.

EXPRESS KERALA VIEW

Top