രാജ്യത്ത് കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നു; കര്‍ണ്ണാടകയില്‍ ബന്ദ്

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധം ശക്തമാക്കി കര്‍ഷക സംഘടനകള്‍. പ്രതിപക്ഷ സംഘടനകളുടേയും കര്‍ഷകരുടേയും പ്രതിഷേധങ്ങള്‍ വകവെക്കാതെ ലോക്സഭയും രാജ്യസഭയും കടന്ന കാര്‍ഷിക ബില്ലുകള്‍ക്ക് ഞായറാഴ്ച്ചയായിരുന്നു രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ബില്ലുകള്‍ കാര്‍ഷിക-തൊഴിലാളി വിരുദ്ധമാണെന്നും പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന ഒറ്റ നിലപാടിലാണ് രാജ്യമെമ്പാടുമുള്ള കാര്‍ഷിക സംഘടനകള്‍.

ഫാര്‍മേഴ്സ് പൊഡ്യൂസ് ട്രേഡ് ആന്റ് കൊമേ്സ്(പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്‍ 2020, ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് എഷൂറന്‍സ് ആന്റ് ഫാം സര്‍വ്വീസ് ബില്‍ 2020, എസെന്‍ഷ്യല്‍ കൊമോഡിറ്റീസ് (അമെന്‍മെന്റ്) ബില്‍ 2020 എന്നിവയാണ് രാജ്യസഭയില്‍ പാസാവുകയും രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമമാവുകയും ചെയ്തത്.

ബില്ലുകള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും കര്‍ഷകരുടെ വിളയുടെ മേലുള്ള മിനിമം താങ്ങ് വില എടുത്ത് കളയുമെന്നാണ് കര്‍ഷക സംഘടനകള്‍ ഉയര്‍ത്തുന്ന പ്രശ്നം. ഇന്ന് രാവിലെ ഡല്‍ഹി ഇന്ത്യാ ഗേറ്റിന് മുന്നില്‍ കര്‍ഷകര്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധിച്ചു. ഒടുവില്‍ പൊലീസും അഗ്‌നിശമനയും എത്തിയാണ് തീ അണച്ചതും ട്രാക്ടര്‍ നീക്കം ചെയ്തതു.

കര്‍ണാടകയില്‍ കാര്‍ഷിക സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കര്‍ഷ സംഘടനകള്‍ക്ക് പുറമേ തൊഴിലാളി സംഘടനകളും കോണ്‍ഗ്രസ്, ജെഡിഎസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 108 ലധികം സംഘടനകള്‍ കര്‍ണ്ണാടകയില്‍ ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. സംസ്ഥാനത്തെ 30 ല്‍ 25 ലധികം ജില്ലകളിലും ബന്ദ് പൂര്‍ണമാണ്. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കര്‍ഷകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

കാര്‍ഷിക ബില്‍ സഭയില്‍ പരിഗണനയില്‍ ഉള്ളത് മുതല്‍ പഞ്ചാബിലും ഹരിയാനയും കര്‍ഷകര്‍ തെരുവിലിറങ്ങി സമരം ചെയ്യുകയാണ്. കാര്‍ഷിക സമ്പദ് വ്യവസ്ഥയിലൂന്നിയ രണ്ട് സംസ്ഥാനങ്ങളാണിവ. ബില്ല് രാജ്യസഭയില്‍ പാസാക്കുന്ന ദിനം പടുകൂറ്റന്‍ ട്രാക്ടര്‍ റാലിക്കായിരുന്നു പഞ്ചാബ് സാക്ഷ്യം വഹിച്ചത്. ഇതിന് പുറമേ കാര്‍ഷിക ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് സ്ഥാപക കാലം മുതല്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍ സഖ്യം ഉപേക്ഷിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച കുത്തിയിരിപ്പ് സമരം നടത്തും. ഭഗത് സിംഗിന്റെ ഗ്രാമമായ ഖട്കര്‍ കലാനില്‍ ആണ് സിംഗ് കുത്തിയിരിപ്പ് സമരം നടത്തുന്നത്.

Top