കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ പാസാക്കി . .

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ പാസാക്കി. ബില്ലില്‍ ചര്‍ച്ച വേണമെന്ന ആവശ്യം ഉന്നയിച്ചു ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ തള്ളി. ശബ്ദ വോട്ടോടെയാണ് എതിര്‍പ്പുകള്‍ക്കിടയിലും ബില്‍ പാസാക്കിയത്. സഭ രണ്ടുമണി വരെ പിരിഞ്ഞു. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിച്ചത്. രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമം റദ്ദാക്കും.

നിയമം റദ്ദാക്കാനുള്ള ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം കൃഷി നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ ചര്‍ച്ച ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ച കൂടാതെ ബില്‍ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്യോപദേശക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്. നിയമം പിന്‍വലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചാല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

അന്നദാതാക്കള്‍ക്കായി പാര്‍ലമെന്റില്‍ ഇന്ന് സൂര്യനുദിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാരിന് അനുകൂല നിലപാടില്ല.

പ്രതിഷേധങ്ങള്‍ കത്തിനില്‍ക്കെയാണ് 3 കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് ഗുരുനാനാക് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

Top