ഡല്‍ഹിയിലെ അതിര്‍ത്തികള്‍ അടച്ച് ഇന്ന് മുതല്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍

ന്യൂഡൽഹി : കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷികനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ തുടങ്ങിയ പ്രതിഷേധ സമരം ശക്തമാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉപാധികള്‍ തള്ളി കര്‍ഷകസമരം ഇപ്പോൾ കൂടുതല്‍ കരുത്താർജ്ജിക്കുകയാണ്. ഡല്‍ഹിയിലെ അതിര്‍ത്തികള്‍ അടച്ച് ഇന്ന് മുതല്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സിംഗു അതിര്‍ത്തിയില്‍ നിന്ന് മാറില്ലെന്ന് കര്‍ഷകര്‍ അറിയിച്ചതിന് പിന്നാലെയാണ് ഡല്‍ഹി വളയല്‍ പ്രഖ്യാപനം നടത്തിയത്. കൂടാതെ ബുറാഡി നിരങ്കരി മൈതാനത്തും ഒരു വിഭാഗം കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്.പ്രതിഷേധങ്ങളെ തുടര്‍ന്ന് ഡല്‍ഹി ജന്തര്‍ മന്തര്‍, ഇന്ത്യാ ഗേറ്റ് എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

അതേസമയം, ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഗുവിലെ കര്‍ഷക പ്രക്ഷോഭത്തില്‍ വൈദ്യസഹായവുമായി ഡോക്ടര്‍മാരും സന്നദ്ധ സംഘടനകളും സജീവമായി. കോവിഡ് മഹാമാരിക്കിടെ നടക്കുന്ന പ്രക്ഷോഭത്തില്‍ പ്രതിരോധ മരുന്നുകള്‍ അടക്കം വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് മീററ്റില്‍ നിന്നെത്തിയ ഖല്‍സ ഹെല്‍പ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പ്രക്ഷോഭകര്‍ക്കിടയില്‍ സാനിറ്റൈസര്‍, വൈറ്റമിന്‍ ഗുളികകള്‍ തുടങ്ങിയവ വിതരണം ചെയ്തു. ഡോക്ടര്‍മാര്‍ അടക്കമുള്ള പതിനെട്ട് അംഗ സംഘമാണ് സമരമുഖത്തുള്ളവര്‍ക്ക് വൈദ്യസഹായവുമായി സിംഗുവില്‍ എത്തിയത്.

Top