കര്‍ഷക സമരം തൊഴിലില്ലാത്ത മദ്യപാനികളുടേതെന്ന്, ബിജെപി എംപിക്കെതിരെ പ്രതിഷേധം

ഹിസാര്‍: ഹരിയാനയില്‍ വീണ്ടും കര്‍ഷക പ്രതിഷേധം. കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി രാജ്യസഭാ എംപി രാം ചന്ദ്ര ജാന്‍ഗറിനെയും സംസ്ഥാന ഉപാധ്യക്ഷന്‍ മനീഷ് ഗ്രോവറിനെയും കര്‍ഷകര്‍ വഴിയില്‍ തടഞ്ഞു. ഹിസാറില്‍ ബിജെപി പരിപാടിക്കെത്തുന്നതിനിടെയായിരുന്നു ജാന്‍ഗറിനെ കര്‍ഷകര്‍ തടഞ്ഞത്.

മുദ്രാവാക്യങ്ങളുമായി എത്തിയ കര്‍ഷകര്‍ എംപിക്കുനേരെ കരിങ്കൊടി കാണിച്ചു. ഇതിനിടെയുണ്ടായ കൈയേറ്റത്തില്‍ എംപിയുടെ വാഹനത്തിന്റെ ചില്ല് തകര്‍ന്നു.

തന്റെ കാറിന് കേടുപാടുകള്‍ വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചില കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേദാര്‍നാഥിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് റോത്തക്കില്‍ നടക്കുന്ന ബിജെപി പരിപാടിക്കിടെയാണ് ബിജെപി ഹരിയാന ഉപാധ്യക്ഷന്‍ മനീഷ് ഗ്രോവറിനെ കര്‍ഷകര്‍ തടഞ്ഞത്. നേതാക്കന്മാരെ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുമായി സംഘര്‍ഷവുമുണ്ടായി.

കഴിഞ്ഞ ദിവസം ഹിസാറില്‍ നടന്ന പരിപാടിക്കിടെ കര്‍ഷക പ്രതിഷേധത്തിനെതിരെ എംപി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തൊഴില്‍രഹിതരായ മദ്യപാനികളാണ് സമരം നടത്തുന്നതെന്നായിരുന്നു വിവാദ പരാമര്‍ശം. പ്രതിഷേധം നടത്തുന്നവരില്‍ ഒറ്റ കര്‍ഷകരില്ലെന്നും ജാന്‍ഗര്‍ കൂട്ടിച്ചേര്‍ത്തു.

Top