പഞ്ചാബ് സര്‍ക്കാറിനെതിരെ കര്‍ഷക പ്രക്ഷോഭം; റെയില്‍പാത ഉപരോധിച്ചു

ന്യൂഡല്‍ഹി: പഞ്ചാബില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍. സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള കുടിശിക ഉടന്‍ നല്‍കുക, കരിമ്പിനുള്ള സംസ്ഥാനത്തിന്റെ താങ്ങുവില വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വച്ച് കരിമ്പ് കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ ട്രെയിന്‍ ഗതാഗതവും റോഡ് ഗതാഗതവും തടസപ്പെടുത്തി.

വെള്ളിയാഴ്ച ആരംഭിച്ച സമരം രണ്ടാം ദിവസത്തിലെത്തിയപ്പോഴാണ് ഗതാഗതത്തെ കാര്യമായി ബാധിച്ചത്. കര്‍ഷകര്‍ സസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ റെയില്‍പാത ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് 19 ട്രെയിനുകള്‍ റദ്ദാക്കി. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്യുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വെള്ളിയാഴ്ച മുതലാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്. അതേസമയം, അവശ്യ സര്‍വീസുകള്‍ക്കുള്ള വാഹനങ്ങള്‍ കര്‍ഷകര്‍ കടത്തിവിടുന്നുണ്ട്.

Top