കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം, മന്ത്രിമാരെ വളയാൻ കർഷക നീക്കം !

രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രമായ ഡല്‍ഹി ലക്ഷ്യമാക്കി തിരമാലകള്‍ പോലെയാണ് കര്‍ഷകര്‍ കുതിച്ച് വരുന്നത്. ഈ കരുത്തിനെ എങ്ങനെയാണ് മോദി ഭരണകൂടം നേരിടുകയെന്നാണ് ലോകരാജ്യങ്ങളും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. കര്‍ഷക സമരത്തെ നേരിടാന്‍ അതിര്‍ത്തികളില്‍ കേന്ദ്ര സേനയെയും പൊലീസിനെയും നിയോഗിച്ചിട്ടുണ്ടെങ്കിലും അത് എത്രമാത്രം ഫലപ്രദമാകുമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് തന്നെ ഇപ്പോള്‍ സംശയമുണ്ട്. ഇതിന് പ്രധാന കാരണം സമരം ചെയ്യുന്ന കര്‍ഷകരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ അനവധി പേരാണ് ഡല്‍ഹി – ഹരിയാന പൊലീസിലും കേന്ദ്ര സേനകളിലും ഉള്ളത് എന്നതാണ്. ഇതില്‍ പഞ്ചാബികളുടെ സ്വാധീനം ഏറെ നിര്‍ണ്ണായികവുമാണ്.

ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും ശക്തമായ സാന്നിധ്യവും സിഖ് ജവാന്‍മാരുടേതാണ്. കര്‍ഷക സമരത്തെ മനസ്സാ പിന്തുണയ്ക്കുന്ന വലിയ വിഭാഗമാണ് വിവിധ സേനകളില്‍ ഉള്ളത്. ഈ ഐക്യദാര്‍ഢ്യത്തിന്റെ പ്രകടമായ രൂപമാണ് ഒരു ഐ.പി.എസുകാരന്‍ തന്നെ രാജിവച്ച് കര്‍ഷകസമരത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ച സംഭവം. പഞ്ചാബ് ജയില്‍ ഡിഐജി ലഖ്മീന്ദര്‍ സിങ് ജഖാറാണ് രാജിവെച്ചിരിക്കുന്നത്. കര്‍ഷക ‘സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ്’ അദ്ദേഹം രാജി വെച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയതായി ലഖ്മീന്ദര്‍ സിങ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഉടനെ തന്നെ ഡല്‍ഹിയിലെ സമര കേന്ദ്രത്തില്‍ എത്താനാണ് അദ്ദേഹത്തിന്റെയും തീരുമാനം.

അടിസ്ഥാനപരമായി താന്‍ ഒരു കര്‍ഷകനാണെന്നും പിന്നീടാണ് ഒരു പൊലീസുകാരനാവുന്നത് എന്നുമാണ് ലഖ്മീന്ദര്‍ സിംങ്ങിന്റെ വാദം. ‘കര്‍ഷകനായ അച്ഛന്‍ വയലുകളില്‍ ജോലി ചെയ്യുകയും തന്നെ പഠിപ്പിക്കുകയും ചെയ്തു” അതിനാല്‍ എല്ലാ കൃഷിക്കാരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു എന്നാണ് ഈ ഐ.പി.എസുകാരന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഒരു ഒറ്റപ്പെട്ട പ്രതികരണമല്ല. കാക്കിയിട്ട പലരും മനസ്സില്‍ പറയുന്ന പ്രതികരണം കൂടിയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷക സമരത്തെ നേരിടുക എന്നത് കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ച് ഏറെ ശ്രമകരം തന്നെയാകും. കര്‍ഷകരെ നേരിടാന്‍ നിര്‍ദ്ദേശം കൊടുത്താല്‍ പൊലീസും കേന്ദ്ര സേനയും അത് എത്രമാത്രം അനുസരിക്കും എന്നതും പ്രധാന ചോദ്യമാണ്. ഇനി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയാല്‍ തന്നെ അനുസരിക്കേണ്ട സേനാംഗങ്ങളുടെ സമീപനം എന്തായിരിക്കുമെന്നതും പ്രസക്തമായ കാര്യമാണ്.

സേനയുടെ അച്ചടക്കത്തെ തന്നെ ബാധിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിലവിലുണ്ട്. പഞ്ചാബ് ഡി.ഐ.ജിയുടെ രാജിയുടെ പശ്ചാത്തലത്തില്‍ ഈ കാര്യം കൂടി ഗൗരവമായി കേന്ദ്ര സര്‍ക്കാറിന് ഇനി പരിഗണിക്കേണ്ടി വരും. അതേസമയം കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കുതിക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്. ഡല്‍ഹിയിലേക്ക് പുറപ്പെടുന്ന കര്‍ഷകര്‍ക്ക് നിലവില്‍ പഞ്ചാബിലും രാജസ്ഥാനിലും യാതൊരു തടസ്സവും സംസ്ഥാന സര്‍ക്കാറുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളായത് കൊണ്ടാണിത്. ഹരിയാന, യു.പി, ഡല്‍ഹി പൊലീസ് വിഭാഗങ്ങളാണ് കര്‍ഷകരെ തടയുന്നത്. ഇവരാകട്ടെ ബി.ജെ.പി ഭരണത്തിന് കീഴിലുമാണ്. ഇപ്പോള്‍ കര്‍ഷകരെ തടയുന്ന കൈകള്‍ ഒടുവില്‍ അടിക്കാന്‍ തുടങ്ങിയാല്‍ കളി മാറുക തന്നെ ചെയ്യും.

എല്ലാ മാര്‍ഗ്ഗ തടസ്സങ്ങളെയും തകര്‍ത്ത് സുനാമി പോലെ ആഞ്ഞടിക്കാനുള്ള കരുത്ത് ഇതിനകം തന്നെ ഈ കര്‍ഷക പ്രക്ഷോഭം ആര്‍ജ്ജിച്ചു കഴിഞ്ഞിട്ടുണ്ട്. അദാനിയുടെയും അംബാനിയുടെയും സേനയായി മാറരുതെന്ന് സുരക്ഷാ സേനക്ക് മുന്നറിയിപ്പ് നല്‍കുന്ന കര്‍ഷകര്‍ ഇന്ദ്രപ്രസ്ഥം വളയാനുള്ള അന്തിമ നിലപാടിലേക്കാണ് പോകുന്നത്. ഏത് വെല്ലുവിളി നേരിടാനും അവര്‍ ഒരുക്കമാണ്. ഇതിനകം തന്നെ സമരത്തിനെത്തിയ നിരവധി കര്‍ഷകരാണ് മരണപ്പെട്ടിരിക്കുന്നത്. കൊടും തണുപ്പില്‍ കുട്ടികളും സ്ത്രീകളും മുതല്‍ പ്രായമായവര്‍ വരെ കാഴ്ചവയ്ക്കുന്ന ആ പോരാട്ട വീര്യം നാളെ ചരിത്രത്തില്‍ രേഖപ്പെടുത്തുക തന്നെ ചെയ്യും. കര്‍ഷക സംഘടനകളെ പിളര്‍ത്താനുള്ള കേന്ദ്ര നീക്കവും സമരത്തിനെതിരായ ആരോപണങ്ങളും,കര്‍ഷകര്‍ തന്നെയാണ് ഇപ്പോള്‍ പൊളിച്ചടുക്കിയിരിക്കുന്നത്.

ഒറ്റുകാരെ പുറത്താക്കി ഒറ്റക്കെട്ടായി പ്രക്ഷോഭം നയിക്കുമെന്ന സന്ദേശമാണ് കര്‍ഷക സംഘടനകളും നല്‍കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ നേരിട്ട രീതിയില്‍ കര്‍ഷകരെ നേരിടാന്‍ ശ്രമിച്ചാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളും ബി.ജെ.പി സര്‍ക്കാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കര്‍ഷക പാര്‍ട്ടിയായ ജെ.ജെ.പി പിന്തുണ പിന്‍വലിച്ചാല്‍ ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ നിലംപൊത്തും. നിലവില്‍ സര്‍ക്കാറിനെ പിന്തുണച്ച ചില സ്വതന്ത്ര എം.എല്‍.എമാര്‍ ഇതിനകം തന്നെ ഇവിടെ പിന്തുണ പിന്‍വലിച്ചിട്ടുണ്ട്. നൂല്‍പാലത്തിലൂടെയാണ് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാറിപ്പോള്‍ മുന്നോട്ട് പോകുന്നത്. പതിനായിരങ്ങള്‍ പൊലീസ് ബാരിക്കേഡ് പൊളിച്ച് ഡല്‍ഹി നഗരത്തിലേക്ക് കൂടി കടന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെയും സകല കണക്ക് കൂട്ടലുകളും തെറ്റും.

നിയമം പിന്‍വലിക്കാതെ തിരിച്ച് പോകില്ലെന്നതാണ് കര്‍ഷക ശപഥം. മോദി ഭരണ കൂടം ഇന്നുവരെ നേരിടാത്ത പ്രതിസന്ധിയാണിത്. മാര്‍ച്ച് തടയാന്‍ റോഡില്‍ ഭീമന്‍ കോണ്‍ക്രീറ്റ് ബീമുകള്‍ തയ്യാറാക്കിവച്ചത് തന്നെ കര്‍ഷക പടയെ അധികൃതര്‍ ശരിക്കും ഭയക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്. ജീവന്‍ കൊടുക്കേണ്ടി വന്നാലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതിയാകാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. അഞ്ച് പ്രാവശ്യമാണ് കര്‍ഷകരും കേന്ദ്രവും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ തൊഴിലാളികളോടും പ്രക്ഷോഭത്തിനിറങ്ങാന്‍ കിസാന്‍സഭയും കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷനും ഇപ്പോള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡല്‍ഹിയിലേക്കുള്ള അഞ്ച് ദേശീയപാതയും ഉപരോധിച്ച കര്‍ഷകര്‍ ഡല്‍ഹി-ജയ്പുര്‍ ദേശീയപാതയില്‍ പുതിയ സമരകേന്ദ്രവും തുറന്നിട്ടുണ്ട്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോ–ഓര്‍ഡിഷേന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഷാജഹാന്‍പുരില്‍ ഉപരോധം നടക്കുന്നത്. അഖിലേന്ത്യ കിസാന്‍സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള, വൈസ് പ്രസിഡന്റ് അമ്രാറാം, ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍, ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, യോഗേന്ദ്ര യാദവ്, മേധ പട്കര്‍, രാജു ഷെട്ടി, പ്രതിഭ ഷിന്‍ഡെ, കവിത കുരുഗന്തി, സത്യവാന്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജോയിന്റ് സെക്രട്ടറി വിക്രം സിങ്, എസ്എഫ്ഐ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവരാണ് ഇവിടെ സമരത്തിന് നേതൃത്വം കൊടുക്കുന്നത്. മറ്റ് സമരകേന്ദ്രങ്ങളായ സിന്‍ഘുവിലേക്കും ഗാസിപുരിലേക്കും വന്‍ തോതിലാണ് ഇപ്പോള്‍ കര്‍ഷകപ്രവാഹം തുടരുന്നത്.

ഡല്‍ഹി മേഖലയിലെ സമരകേന്ദ്രങ്ങളിലും ഉപവാസം തുടങ്ങിയിട്ടുണ്ട്. ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ടി പ്രവര്‍ത്തകര്‍ രാജസ്ഥാനിലെ പ്രതിഷേധപരിപാടികളില്‍ പങ്കെടുത്തതും ശ്രദ്ധേയമാണ്. ഇതിനിടെ സൈനികര്‍ക്ക് ലഭിച്ച ധീരതയ്ക്കുള്ള മെഡലുകള്‍ ശേഖരിച്ച് തിരിച്ചു നല്‍കാന്‍ സിന്‍ഘു സമരകേന്ദ്രത്തില്‍ ഒത്തുചേര്‍ന്ന മുന്‍ സൈനികര്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചും പുതിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയും 78 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും കേന്ദ്ര സര്‍ക്കാറിന് തുറന്ന കത്തെഴുതിയിട്ടുണ്ട്. മോദി സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണിത്.

പല വഴികളിലായാണ് ഡല്‍ഹിയെ കര്‍ഷകരിപ്പോള്‍ വളഞ്ഞിരിക്കുന്നത്. ഇനി ഭരണ സിരാകേന്ദ്രം ലക്ഷ്യമാക്കിയുള്ള ഒറ്റ കുതിപ്പാണ്. സുനാമി പോലെ ആഞ്ഞടിക്കാന്‍ പോകുന്ന ആ കരുത്തിനെ നരേന്ദ്രമോദിയും ഭയപ്പെട്ടേ മതിയാകൂ. നിങ്ങളുടെ വാശി തീര്‍ക്കേണ്ടത് കര്‍ഷകരോടല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ് ജനാധിപത്യ സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കേണ്ടത്. അതല്ലാതെ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാകരുത്. അവരുടെ താല്‍പ്പര്യം നടപ്പാക്കാന്‍ കര്‍ഷകരുടെ മേല്‍ കൈ വച്ചാല്‍ ഏത് സര്‍ക്കാറായാലും വിവരമറിയുക തന്നെ ചെയ്യും. അടിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നവര്‍ക്ക് തന്നെയാണ് അടികിട്ടുക. ഇത് മുസോളിനിയുടെ ഇറ്റലിയല്ല, ഹിറ്റ്‌ലറുടെ ജര്‍മ്മനിയുമല്ല, ജനാധിപത്യ ഇന്ത്യയാണ്. ഒരു ഏകാധിപതിയെയും ഈ രാജ്യം വാഴിക്കുകയില്ല. ഇക്കാര്യവും ഓര്‍ത്ത് കൊള്ളണം.

Top