കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് നാളെ; അതീവ സുരക്ഷയില്‍ രാജ്യതലസ്ഥാനം

ന്യൂഡല്‍ഹി: കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് നാളെ നടക്കാനിരിക്കെ അതീവ ജാഗ്രതയില്‍ രാജ്യതലസ്ഥാനം. ദില്ലി അതിര്‍ത്തികളിലും പാര്‍ലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ കൂട്ടി. റിപ്പബ്ലിക്ക് ദിനത്തില്‍ സംഘര്‍ഷമുണ്ടായത് കണക്കിലെടുത്ത് അട്ടിമറി തടയാന്‍ കിസാന്‍ സംയുക്ത മോര്‍ച്ചയും മുന്‍കരുതലിലാണ്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സിംഘുവില്‍ രാത്രിയില്‍ യോഗം വിളിച്ചിട്ടുണ്ട്.

അതിര്‍ത്തിയില്‍ നിന്നും വീണ്ടും ദില്ലിക്ക് അകത്തേക്ക് പ്രതിഷേധവുമായി കര്‍ഷകര്‍ എത്തും. നാളെ മുതല്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തും. ഇവിടെ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് ദില്ലി പൊലീസ്. സംഘര്‍ഷസാധ്യതയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം സുരക്ഷകൂട്ടി. ദില്ലി പൊലീസിന്റെ കലാപവിരുദ്ധസേനയ്ക്ക് പ്രത്യേക പരിശീലനവും നല്‍കി കഴിഞ്ഞു.

അതേസമയം, റിപ്ലബ്ലിക്ക് ദിനത്തിലെ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് കര്‍ഷകസംഘടനകളുടെ ശ്രമം. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഇരുന്നൂറ് കര്‍ഷകര്‍, അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍ എന്നിവരാകും പ്രതിദിനം സമരത്തില്‍ പങ്കെടുക്കുക. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ പൊലീസിന് കൈമാറും.

മൂന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമാകും പരിപാടിയില്‍ പങ്കെടുക്കുക. രാവിലെ 8 മണിക്ക് സിംഘുവില്‍ നിന്ന് പൊലീസ് അകമ്പടിയോടെ ബസുകളിലാകും കര്‍ഷകര്‍ ദില്ലിക്ക് എത്തുക. മാര്‍ച്ചില്‍ നുഴഞ്ഞുക്കയറി സമരം അട്ടിമറിക്കുന്നത് തടയാനാണ് ഈ നടപടികള്‍.

Top