ഗ്രാമങ്ങളിലേക്ക്‌ സമരസന്ദേശം കേന്ദ്രത്തിന് താക്കീതുമായി കർഷക സംഘടനകൾ

ന്യൂഡൽഹി :കർഷകസമരം അടിച്ചമർത്താൻ കേന്ദ്രവും സംഘപരിവാറും നടത്തുന്ന ശ്രമങ്ങളും ദുഷ്‌പ്രചരണങ്ങളും  തുറന്നുകാട്ടാൻ ബുധനാഴ്‌ച മുതൽ ഒരാഴ്ച നീളുന്ന പ്രചാരണപരിപാടി സംഘടിപ്പിക്കുമെന്ന്‌ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ–ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.വൈദ്യുതി മേഖല അപ്പാകെ സ്വകാര്യവൽക്കരിക്കുന്ന ബില്ലിനെതിരെ ബുധനാഴ്‌ച വൈദ്യുതി ജീവനക്കാരും എൻജിനിയർമാരും പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പണിമുടക്കിനെ കർഷകർ പിന്തുണയ്‌ക്കും.

ശനിയാഴ്‌ച രാജ്യവ്യാപകമായി കർഷകസംഘടനകൾ വഴിതടയും. പകൽ 12 മുതൽ മൂന്നുവരെയാണ്‌ ദേശീയപാതകളും സംസ്ഥാന പാതകളും ഗ്രാമീണ റോഡുകളും ഉപരോധിച്ചുള്ള സമരം.ബുധനാഴ്ച മുതൽ പത്തുവരെ രാജ്യത്തെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്‌ കേന്ദ്രത്തിനും സംഘപരിവാറിനുമെതിരായി പ്രചാരണം സംഘടിപ്പിക്കുമെന്ന് കിസാൻ സംഘർഷ്‌ കോ -ഓർഡിനേഷൻ കമ്മിറ്റി നേതാവ് പി കൃഷ്ണപ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സമരകേന്ദ്രങ്ങളെല്ലാം പൊലീസ്‌ തുറന്ന ജയിലിന്‌ സമാനമാക്കി‌. ശത്രുസൈന്യത്തെയെന്നപോലെയാണ് കർഷകരെ നേരിടുന്നത്‌. പ്രദേശവാസികളെന്ന പേരിൽ സമരകേന്ദ്രത്തിൽ അക്രമം നടത്തിയ ബിജെപി, -ആർഎസ്എസ് ക്രിമിനലുകൾക്ക്‌ പൊലീസ്‌ കൂട്ടുനിന്നു. ഗാസിപ്പുരിൽ ടിക്കായത്തിനെ ഒഴിപ്പിക്കാൻ രണ്ട്‌ ബിജെപി എംഎൽഎമാരാണ്‌ എത്തിയത്‌. മൂന്ന്‌ നിയമവും പിൻവലിക്കുക, സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്‌തതുപോലെ മിനിമം താങ്ങുവില നിയമപ്രകാരമാക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കുംവരെ കർഷകസംഘടനകൾ ഒറ്റക്കെട്ടായി സമരം തുടരും.

 

 

Top