ബജറ്റ് അവതരണ ദിവസം മാര്‍ച്ച് പിന്‍വലിക്കാന്‍ കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിക്ക് പിന്നാലെ പാര്‍ലമെന്റിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ച് കര്‍ഷക സംഘടനകള്‍ പിന്‍വലിച്ചേക്കും. ഇക്കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉടന്‍ ഔദ്യോഗിക പ്രസ്താവന ഇറക്കും. പാര്‍ലമെന്റില്‍ ബജറ്റ് അവതരണം നടക്കുന്ന ഫെബ്രുവരി ഒന്നിനാണ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാക്ടര്‍ പരേഡില്‍ വ്യാപക സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് കര്‍ഷകരുടെ പുനരാലോചന.

കഴിഞ്ഞ രണ്ടു മാസത്തിലേറെയായി സമാധാനപരമായി നടന്നിരുന്ന കര്‍ഷക സമരം റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡോടു കൂടി രൂപവും ഭാവവും മാറിയിരുന്നു. പതിനൊന്ന് വട്ടം കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടും സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

നവംബര്‍ 26-നാണ് ഡല്‍ഹി ചലോ എന്ന മുദ്രാവാക്യവുമായി കര്‍ഷക സംഘടനകള്‍ ഡല്‍ഹിയുടെ മൂന്ന് അതിര്‍ത്തികളടച്ച് സമരമാരംഭിച്ചത്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് അവകാശപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷക സംഘടനകള്‍ രംഗത്തിറങ്ങിയത്.

 

Top