കേന്ദ്ര നിർദേശങ്ങൾ തള്ളി കർഷക സംഘടനകൾ;ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക്

കേന്ദ്ര സർക്കാരിൻ്റെ നിർദേശങ്ങൾ തള്ളി കർഷക സംഘടനകൾ. സമരം തുടരുമെന്നാണ് പ്രഖ്യാപനം. മൂന്ന് തരം പയർവർഗ്ഗങ്ങൾ, ചോളം, പരുത്തി എന്നിവ പഴയ താങ്ങുവിലയിൽ വാങ്ങാനുള്ള അഞ്ചുവർഷത്തെ കരാർ എന്ന വാഗ്ദാനമാണ് കർഷക സംഘടനകൾ നിരസിച്ചത്. വിളകൾക്ക് താങ്ങുവില ഉറപ്പാക്കും വരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു. മറ്റന്നാൾ വരെ ശംഭു അതിർത്തിയിൽ തുടരുമെന്നാണ് കർഷക നേതാക്കൾ അറിയിച്ചിരിക്കുന്നത്. സർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുമെന്നും തീരുമാനമായില്ലെങ്കിൽ ദില്ലിയിലേക്ക് നീങ്ങുമെന്നുമാണ് പ്രഖ്യാപനം.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം കര്‍ഷകരുടെ ആവശ്യങ്ങളെ വഴി തിരിച്ചുവിടുന്നതാണെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തി. ബിജെപിയുടെ 2014 തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ 23 ഇനം വിളകളും സംഭരിക്കണമെന്നും കർഷക സംഘടനളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നിർദേശങ്ങളിൽ കർഷകർക്ക് ഗുണമുള്ള ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കിയ കർഷക സംഘടനകൾ ശംഭു അതിർത്തിയിൽ പ്രതിഷേധം തുടരാൻ തീരുമാനിച്ചു. ശംഭു അതിർത്തിയിൽ കർഷകരോട് പെരുമാറിയ രീതി അംഗീകരിക്കാനാകില്ല. കർഷകർക്കെതിരായ ആക്രമണങ്ങളിൽ സുപ്രീംകോടതി സ്വമേധയായി കേസെടുക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു.

വിഷയത്തിൽ ഇരുപക്ഷവും തമ്മിലുള്ള നാലാം വട്ട ചർച്ചയായ ഞായറാഴ്ച നടന്ന യോഗത്തിലാണ് സർക്കാർ കർഷക നേതാക്കൾക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചത്. ഫെബ്രുവരി 8, 12, 15 തീയതികളിൽ ആദ്യ മൂന്ന് റൗണ്ടുകൾക്ക് ആതിഥേയത്വം വഹിച്ച ചണ്ഡീഗഡിൽ നടന്ന യോഗത്തിന് ശേഷം കർഷക നേതാക്കൾ കേന്ദ്രത്തിൻ്റെ നിർദ്ദേശം ചർച്ച ചെയ്യാൻ സമയം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിൻ്റെ നിർദ്ദേശം തള്ളിയതായി കർഷക സംഘടനകൾ അറിയിച്ചിരിക്കുന്നത്. നാല് റൗണ്ട് ചർച്ചകളിലും സർക്കാരിനെ പ്രതിനിധീകരിച്ചത് കൃഷി മന്ത്രി അർജുൻ മുണ്ട, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവരായിരുന്നു.

Top