കർഷകർ ആത്മഹത്യയുടെ വക്കിൽ; സർക്കാർ ഉറപ്പുകളെല്ലാം പാഴായി: വി ഡി സതീശൻ

കുട്ടനാട്: സംസ്ഥാനത്ത് കർഷകർ ആത്മഹത്യയുടെ വക്കിലാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സർക്കാർ കുട്ടിനാടിനെ അവഗണിക്കുകയാണ്. ഇതുവരെ കുട്ടനാടിനായി പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ലെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കെ പി സി സി പ്രസിഡന്റിനൊപ്പം കുട്ടനാട് സന്ദർശിക്കുകയായിരുന്നി പ്രതിപക്ഷ നേതാവ്.

‘കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കർഷകർ കടന്നുപോകുന്നത്. പലരും വട്ടിപ്പലിശയ്ക്ക് പണമെടുത്താണ് കൃഷിയിറക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മനസിലാക്കാൻ കുട്ടനാട് നോക്കിയാൽ മതി. കുട്ടനാട്ടിൽ നശിച്ചുപോയ നെല്ല് മുഴുവൻ സർക്കാർ സംഭരിക്കണം. കൃത്യസമയത്ത് കർഷകർക്ക് കൊയ്ത്തുയന്ത്രവും കിട്ടുന്നില്ല. അത് കിട്ടിക്കഴിയുമ്പോഴേക്കും നെൽകൃഷി നശിച്ചിട്ടുണ്ടാകും. സർക്കാർ ഉറപ്പുകൾ പാലിക്കാത്തത് ദൗർഭാഗ്യകരമാണ്. തോമസ് ഐസകിന്റെ രണ്ട് ബജറ്റിലും പ്രഖ്യാപിച്ച ഒരു പദ്ധതി പോലും നടപ്പായില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

Top