വീട്ടിലേക്ക് മടങ്ങാം, ആറ് ആവശ്യങ്ങള്‍ അംഗീകരിക്കണം; പ്രധാനമന്ത്രിക്ക് കര്‍ഷകരുടെ കത്ത്

ന്യൂഡല്‍ഹി : കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കര്‍ഷകര്‍. ആറ് ആവശ്യങ്ങളാണ് കത്തില്‍ കര്‍ഷകര്‍ ഉന്നയിച്ചിരിക്കുന്നത്. താങ്ങുവില, വൈദ്യുതി ദേദതഗതി ബില്‍, കേസുകള്‍ പിന്‍വലിക്കല്‍, മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം, ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ നടപടിയെടുക്കല്‍ തുടങ്ങിയവയാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നും പക്ഷേ തങ്ങളുന്നയിച്ച വിഷയങ്ങളില്‍ പരിഹാരം കാണണമെന്നും കര്‍ഷകര്‍ പറയുന്നു. കേന്ദ്രത്തോട് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

താങ്ങുവില അടക്കം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കണ്ടന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍ സിംഘുവില്‍ യോഗം ചേര്‍ന്നത്. സംയുക്ത യോഗത്തില്‍ ഈ മാസം 28 വരെയുള്ള സമരപരിപാടികള്‍ തുടരാന്‍ തീരുമാനിച്ചു. ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലെ തീരുമാനം കൂടി വിലയിരുത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പിന്നാലെ 27 ന് കിസാന്‍ മോര്‍ച്ച വീണ്ടും യോഗം ചേരും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കുമെന്നാണ് വിവരം.

Top