കർഷക പ്രക്ഷോഭം; നിരാഹാര സമരം നടത്തുമെന്ന് നേതാക്കള്‍

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നയത്തിനെതിരായ ഡൽഹി ചലോ രണ്ടാം ഘട്ട മാർച്ചിന് തുടക്കമിടുന്ന ഇന്ന് സമരം കടുപ്പിച്ചു കര്‍ഷക നേതാക്കള്‍. ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്സ്പ്രസ് പാതയും ഉപരോധിക്കുന്നതോടൊപ്പം നിരാഹാര സമരവും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ 14ന് കര്‍ഷക യൂണിയന്‍ നേതാക്കള്‍ നിരാഹാര സമരം നടത്തുമെന്ന് യൂണിയന്‍ നേതാവ് കണ്‍വാല്‍പ്രീത് സിങ് പന്നു അറിയിച്ചു. ഡല്‍ഹി സിംഗു അതിര്‍ത്തിയിലെ വേദിയിലായിരിക്കും നിരാഹാരം. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഡിസംബര്‍ 19നകം അംഗീകരിച്ചില്ലെങ്കില്‍ ഉപവാസ സമരം ആരംഭിക്കുമെന്ന് കര്‍ഷക നേതാവ് ഗുര്‍നാം സിങ് ചാരുണി പറഞ്ഞു.

പ്രക്ഷോഭം 18 -ാം ദിവസം പിന്നിടുന്ന ഇന്ന് രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി നടത്തും. പഞ്ചാബില്‍ നിന്ന് 30,000 കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ പ്രധാനപാതകളും വരുംദിവസങ്ങളില്‍ ഉപരോധിക്കാനാണ് കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്. ദേശീയപാതകളില്‍ കേന്ദ്രസേനയുടെയും പൊലീസിന്റെയും വന്‍ സന്നാഹമാണ് തുടരുന്നത്. 2500 പൊലീസുകാരെ ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയില്‍ നിയോഗിച്ചു. കൂടുതല്‍ കമ്പനി കേന്ദ്ര സേനയെ അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചു.

Top