കര്‍ഷകര്‍ സമരം; അനന്തമായി ഗതാഗതം തടയുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗതാഗതം തടഞ്ഞ് കര്‍ഷകര്‍ സമരം നടത്തുന്നതിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. സമരം നടത്താന്‍ അവകാശമുണ്ടെന്നും എന്നാല്‍ അനന്തമായി ഗതാഗതം തടയുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, സി.ടി.രവികുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് റോഡ് തടയാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചത്.

സമരം നടത്തുന്നവരെ റോഡില്‍നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നല്‍കി ഹര്‍ജിയില്‍ നാല് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി കര്‍ഷക നേതാക്കളോട് ആവശ്യപ്പെട്ടു.

അതേസമയം, ഗതാഗതം പൊലീസിന് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അവര്‍ക്ക് കഴിയില്ലെങ്കില്‍ ജന്തര്‍മന്തറിലേക്കോ രാംലീലാ മൈതാനത്തേക്കോ സമരം മാറ്റാന്‍ അനുവദിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച കോടതിയില്‍ അഭ്യര്‍ഥിച്ചു. ഡിസംബര്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും.

Top