കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ജാൻവി കപൂര്‍; ഗുഡ് ലക്ക് ജെറിയുടെ ചിത്രീകരണം പുനരാരംഭിച്ചു

രു സംഘം കര്‍ഷകര്‍ തടസപ്പെടുത്തിയ ജാൻവി കപൂര്‍ നായികയായി അഭിനയിക്കുന്ന ചിത്രം ഗുഡ് ലക്ക് ജെറിയുടെ ചിത്രീകരണം പുനരാരംഭിച്ചു. കര്‍ഷകര്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കര്‍ഷകര്‍ ചിത്രീകരണം നിര്‍ത്തിവയ്‍ക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ജാൻവി കപൂര്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ജാൻവി കപൂര്‍ പിന്തുണ പ്രഖ്യാപിച്ചത്. പഞ്ചാബിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

“കര്‍ഷകര്‍ രാജ്യത്തിന്റെ ഹൃദയമാണ്. രാജ്യത്തിന് ഭക്ഷണം നല്‍കുന്നതിന് അവര്‍ വഹിക്കുന്ന റോള്‍ എനിക്ക് മനസിലാകും, കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന കാര്യം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.” ജാൻവി കപൂര്‍ പറഞ്ഞു. തമിഴിൽ നയൻതാര നായികയായ കൊലമാവ് കോകില എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഗുഡ് ലക്ക് ജെറി. സിദ്ധാര്‍ഥ് സെൻഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top