കേന്ദ്രസര്‍ക്കാരിന്റേത് തട്ടിപ്പ് ബജറ്റെന്ന്; വിമര്‍ശനമുന്നയിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത് തട്ടിപ്പ് ബജറ്റാണെന്ന വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

കേന്ദ്ര സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ധാര്‍ഷ്ട്യവും കഴിവില്ലായ്മയും കര്‍ഷകരുടെ ജീവിതം നശിപ്പിച്ചെന്നും ദിവസം 17 രൂപ വെച്ചു കര്‍ഷകര്‍ക്ക് കൊടുക്കുന്നത് കര്‍ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

നേരത്തെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളെ പി ചിദംബരവും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്ര ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് അല്ല വോട്ടിന് വേണ്ടിയുള്ള അക്കൗണ്ടാണെന്നായിരുന്നു ചിദംബരം വിമര്‍ശിച്ചത്.

അതേസമയം, ആദായ നികുതി പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തിയാണ് മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. മൂന്ന് ലക്ഷം നികുതിദായകര്‍ക്ക് ഗുണകരമാവുന്നതാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് മുമ്പ് മധ്യവര്‍ഗ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ജനപ്രിയ തീരുമാനം.

നിക്ഷേപ ഇളവുകളടക്കം ആറര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഇല്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയാക്കി ഉയര്‍ത്തി. എന്നാല്‍ ഈ വര്‍ഷം പഴയ ആദായ നികുതി പരിധി തന്നെയാവും തുടരുക. അടുത്ത വര്‍ഷം മുതലായിരിക്കും ബജറ്റിലെ മാറ്റം നിലവില്‍ വരിക. നിലവില്‍ 2.5 ലക്ഷം രൂപയാണ് ആദായ നികുതി പരിധി.

കര്‍ഷകര്‍ക്കും ബജറ്റില്‍ വന്‍ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 6000 കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് പിയൂഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. രാജ്യവ്യാപകമായി 12 കോടി ചെറുകിട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. എന്നാല്‍ കാര്‍ഷിക കടം എഴുതി തള്ളുന്നതിനെ കുറിച്ച് പ്രഖ്യാപനങ്ങളൊന്നും ഇല്ല. ഇതാദ്യമായി പ്രതിരോധ മന്ത്രാലയത്തിന് മൂന്ന് ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്. ഭാവിയെ മുന്‍ നിര്‍ത്തി വിഷന്‍ 2030 പ്രഖ്യാപിച്ചു. രാജ്യത്തെ സമഗ്ര വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ലോകത്തെ ഏറ്റവും വലിയ വളര്‍ച്ചാ നിരക്കുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് പിയൂഷ് ഗോയല്‍ വ്യക്തമാക്കി. പണപ്പെരുപ്പം കുറഞ്ഞു. ഭീകരവാദം ഇല്ലാതായി. രാജ്യത്ത് അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കി. വിലക്കയറ്റവും ധനക്കമ്മിയും കുറഞ്ഞെന്നും മന്ത്രി മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മാഭിമാനം തിരിച്ചു നല്‍കി. ഏഴുവര്‍ഷം കൊണ്ട് ധനകമ്മി പകുതിയാക്കി കുറച്ചു. 2022ല്‍ രാജ്യം സമഗ്രപുരോഗതി കൈവരിക്കും തുടങ്ങിയ കാര്യങ്ങളും ബജറ്റില്‍ വ്യക്തമാക്കി.

Top