കര്‍ഷകരുടെ ആശങ്കകള്‍ പരിഗണിക്കും; പ്രതിജ്ഞാബദ്ധമെന്ന് മോദി

ഗാന്ധിനഗര്‍: കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷങ്ങളായി കാര്‍ഷിക സംഘടനകളും പ്രതിപക്ഷവും ഉന്നയിച്ചിരുന്ന അതേ ആവശ്യങ്ങളാണ് ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്നിരിക്കുന്ന പരിഷ്‌കാരങ്ങളെന്ന് മോദി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എല്ലായ്പ്പോഴും കര്‍ഷകക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഗണിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് പ്രതിപക്ഷത്തുള്ളവരും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നവരും അവരുടെ സര്‍ക്കാരിന്റെ കാലത്ത് ഈ പരിഷ്‌കാരങ്ങളോട് അനുകൂല നിലപാടുള്ളവരായിരുന്നു. അവര്‍ക്ക് അവരുടെ സര്‍ക്കാരിന്റെ കാലത്ത് ഒരു തീരുമാനം എടുക്കാന്‍ സാധിച്ചില്ല. ഇന്ന് രാജ്യം ചരിത്രപരമായ ചുവടുവെപ്പ് നടത്തുമ്പോള്‍ ഇവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്- മോദി പറഞ്ഞു.

കര്‍ഷരെ തെറ്റിദ്ധരിപ്പിക്കാന്‍ ഡല്‍ഹിയില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുമ്പോള്‍ കര്‍ഷകരുടെ ഭൂമി മറ്റുള്ളവര്‍ കൈവശപ്പെടുത്തുമെന്ന് അവരെ ഭയപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

Top