കര്‍ഷക സമരം; സോണിയ ഗാന്ധി ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: കര്‍ഷക സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ കാണും. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള എട്ടാം വട്ട ചര്‍ച്ചയും ഫലം കാണാതെ പിരിഞ്ഞതിനെ തുടര്‍ന്നാണ് പാര്‍ട്ടി സജീവമായി സമരത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുമായും സോണിയ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ചര്‍ച്ച നടത്തുക.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ ആയിരക്കണക്കിനു കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ ഇടപെടാനുള്ള പുതിയ തന്ത്രങ്ങള്‍ ഇന്ന് ചര്‍ച്ചയില്‍ വിശദമാക്കും. പാര്‍ട്ടി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടൂണ്ട്. രാജ്യം കണ്ട ഏറ്റവും അഹന്തയുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നു സോണിയ വിശേഷിപ്പിച്ചിരുന്നു.

കര്‍ഷക സമരത്തില്‍ കൂടുതല്‍ സജീവമായി കേന്ദ്രത്തിനെതിരെ സമരമുഖത്ത് നില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കര്‍ഷക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനില്ലെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള അടുത്ത ഘട്ട ചര്‍ച്ച അടുത്ത വെള്ളിയാഴ്ച്ച നടക്കും.

Top