രാജ്യത്ത് ഇതുപോലൊരു മാതൃക ഇല്ല, കർഷക കേരളം ഞെട്ടിച്ചു കളഞ്ഞു !

ജീവിതത്തിനും മരണത്തിനും ഇടയില്‍ അതിജീവനത്തിന് വേണ്ടി പൊരുതുകയാണിപ്പോള്‍, രാജ്യത്തെ കര്‍ഷക ജനത.കൊടും തണുപ്പത്ത് പിടഞ്ഞ് വീണ് മരിച്ചത് അന്‍പതിലധികം കര്‍ഷകരാണ്. പോരാട്ട ഭൂമിയില്‍ ആത്മഹത്യ ചെയ്തവരും നിരവധി. ഈ ജീവത്യാഗങ്ങള്‍ മനുഷ്യ മനസാക്ഷിയെ പിടിച്ചുലക്കുന്നതാണ്. കോര്‍പ്പറേറ്റ് അനുകുല നിയമങ്ങള്‍ പിന്‍വലിക്കില്ലന്ന ഉറച്ച നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍, സമരമുഖത്ത് കിടന്ന് മരിച്ചാലും പിന്തിരിയില്ലന്ന ഉറച്ച നിലപാടുമായാണ് കര്‍ഷകര്‍ മുന്നോട്ട് പോകുന്നത്. അസാധാരണമായ സ്ഥിതിവിശേഷമാണിത്. ഓരോ ദിവസം പിന്നിടും തോറും സമരത്തിന്റെ വീര്യം പോകുമെന്ന് കണക്ക് കൂട്ടിയ മോദി സര്‍ക്കാറിന്റെ സകല കണക്ക് കൂട്ടലുകളും തെറ്റിക്കുന്ന ജനപ്രവാഹമാണ് ഡല്‍ഹിക്ക് ചുറ്റം അലയടിച്ചു കൊണ്ടിരിക്കുന്നത്. അത് പ്രതിഷേധക്കടലായി ഭരണ സിരാ കേന്ദ്രത്തിലേക്ക് ഒഴികി എത്തുന്നതോടെ എന്തും സംഭവിക്കാമെന്ന സാഹചര്യമാണ് നിലവിലുള്ളത്.

അന്നം തരുന്ന കര്‍ഷകരെ വെടിവച്ച് കൊന്ന് ഒരു ഭരണാധികാരിക്കും മുന്നോട്ട് പോകാന്‍ കഴിയുകയില്ല. അങ്ങനെ നേരിടാന്‍ തുനിഞ്ഞാല്‍ നടപ്പാക്കേണ്ട സേനകള്‍ തന്നെ സര്‍ക്കാറിനെതിരെയാണ് തിരിയുക. ഇക്കാര്യവും മോദി സര്‍ക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെയുള്ള കര്‍ഷകരാണ് സമരമുഖത്തുള്ളത്. അവരുടെ കണ്ണുനീര്‍ കണ്ടില്ലന്ന് നടിക്കുന്നത് മനുഷ്യത്വരഹിതമായ സമീപനമാണ്. കര്‍ഷക സംഘടനകളുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടാന്‍ കാരണം നിയമം പിന്‍വലിക്കില്ലെന്ന സര്‍ക്കാറിന്റെ വാശി തന്നെയാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ നിരാകരിച്ച സര്‍ക്കാര്‍ എല്ലാ ചര്‍ച്ചയിലും നിയമ ഭേദഗതി മാത്രമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇതാകട്ടെ, കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രവുമാണ്. അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ശക്തമായ നിലപാട് കര്‍ഷകരും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ജനുവരി 26 ന് സമരക്കാര്‍ പ്രഖ്യാപിച്ച കര്‍ഷകരുടെ റിപ്പബ്ലിക് പരേഡ് കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ച് വന്‍ വെല്ലുവിളിയായി മാറും. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് മോദി സര്‍ക്കാര്‍ നേരിടാന്‍ പോകുന്നത്. സംഘര്‍ഷം ഒഴിവാക്കാന്‍ പ്രായോഗിക നടപടിയിലേക്കാണ് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് കടക്കേണ്ടത്.

കര്‍ഷകര്‍ക്ക് വേണ്ടാത്ത കര്‍ഷക നിയമം മോദിക്ക് എന്തിനാണ്? അദാനിയെയും അംബാനിയെയും പ്രീണിപ്പിക്കണമെങ്കില്‍ അതിന് മറ്റ് വഴികളാണ് നിങ്ങള്‍ തേടേണ്ടത്. ഇതിനകം തന്നെ കേരള പഞ്ചാബ് നിയമസഭകള്‍ കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കി കഴിഞ്ഞു.ഈ പാത പിന്‍തുടരാനാണ് മറ്റു ബി.ജെ.പി ഇതര സര്‍ക്കാറുകളും ഇപ്പോള്‍ ആലോചിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന ഹരിയാന സര്‍ക്കാറിന്റെ നിലനില്‍പ്പും നിലവില്‍ ത്രിശങ്കുവിലാണ്. ഉപമുഖ്യമന്ത്രി തന്നെ കര്‍ഷകര്‍ക്കൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. കര്‍ഷക പാര്‍ട്ടിയായ ജന്‍നായക് ജനതാ പാര്‍ട്ടിയുടെ പിന്തുണയിലാണ് ബി.ജെ.പി ഇവിടെ ഭരിക്കുന്നത്. ഈ പാര്‍ട്ടിയുടെ നേതാവു കൂടിയാണ് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. വലിയ സമ്മര്‍ദ്ദമാണ് ദുഷ്യന്തിന് മേലും കര്‍ഷകരുടെ ഭാഗത്ത് നിന്നുള്ളത്. കര്‍ഷക നിയമം പിന്‍വലിച്ചാല്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുമെന്നതാണ് കേന്ദ്ര സര്‍ക്കാറിനെ അലട്ടുന്ന പ്രധാന പ്രശ്നം. ലോക രാജ്യങ്ങള്‍ക്കിടയിലുള്ള, തന്റെ ‘കര്‍ക്കശക്കാരനെന്ന’ ഇമേജ് തകരുമെന്ന ഭീതിയും മോദിയെ അലട്ടുന്നുണ്ട്. വ്യക്തിപരമായ ‘ഈഗോയുടെ’ പുറത്ത് രാജ്യത്തെ തന്നെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സമീപനമാണിത്.

 

കര്‍ഷകരാണ് നാടിന്റെ നട്ടെല്ലെന്നതാണ് ആദ്യം മോദി സര്‍ക്കാര്‍ മനസ്സിലാക്കേണ്ടത്. ഇക്കാര്യത്തില്‍ കണ്ട് പഠിക്കേണ്ടത് കേരളത്തെയാണ്. കര്‍ഷകര്‍ക്ക് തുണയാകുന്ന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം കാഴ്ചവയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. വിളകള്‍ക്ക് ന്യായവില ഉറപ്പാക്കല്‍, സബ്‌സിഡി, കര്‍ഷകരുടെ ക്ഷേമം, ഇന്‍ഷുറന്‍സ് എന്നിവയിലെല്ലാം രാജ്യത്ത് ഒന്നാമതാണ് കേരളമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും തിരിച്ചറിയണം. ഇടതുപക്ഷ സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ മേന്മയാണ് ഇതിലൂടെ തെളിയുന്നത്. ലോകത്ത് തന്നെ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഭരണം മുതല്‍ ഇന്നുവരെ എല്ലാ ഇടതുപക്ഷ സര്‍ക്കാറുകളും കേരളത്തില്‍ സ്വീകരിച്ചത് കര്‍ഷക അനുകൂല നടപടികളാണ്. ഇപ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ മരിച്ചുവീഴുമ്പോള്‍ കര്‍ഷകര്‍ക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലാത്ത സംസ്ഥാനമായാണ് കേരളത്തെ കമ്യൂണിസ്റ്റുകള്‍ മാറ്റിയെടുത്തിരിക്കുന്നത്.

രാജ്യത്ത് ആദ്യമായി കര്‍ഷകര്‍ക്ക് ക്ഷേമ ബോര്‍ഡ് നടപ്പാക്കിയത് തന്നെ കേരളമാണ്. കര്‍ഷക ക്ഷേമ ബോര്‍ഡ് പ്രാബല്യത്തില്‍ വന്നതോടെ, 60 കഴിഞ്ഞ മുഴുവന്‍ കര്‍ഷകര്‍ക്കും 3000 മുതല്‍ 5000 രൂപവരെ പെന്‍ഷനാണ് ഉറപ്പാക്കിയിരിക്കുന്നത്. നിലവിലെ കര്‍ഷക പെന്‍ഷന്‍ പദ്ധതിയെ, പുതിയ ക്ഷേമ ബോര്‍ഡില്‍ ലയിപ്പിച്ച്, കൂടുതല്‍ പെന്‍ഷന്‍ തുക കര്‍ഷകര്‍ക്ക് ഉറപ്പാക്കാനുള്ള വിശദ പദ്ധതിയും നിലവില്‍ അണിയറയില്‍ തയ്യാറായി വരുന്നുണ്ട്.രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താങ്ങുവില നല്‍കി കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കുന്ന സംസ്ഥാനവും ഈ കൊച്ചു കേരളമാണ്. കേന്ദ്രത്തിന്റെ സംഭരണവില 18.15 രൂപയായിരിക്കെ കേരളം ഒമ്പതുരൂപകൂടി കൂട്ടി നല്‍കി 27.48 രൂപയ്ക്കാണ് നെല്ല് സംഭരിച്ചു വരുന്നത്. നെല്‍വയലുകള്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് ആദ്യമായി 2000 രൂപ റോയല്‍റ്റി പ്രഖ്യാപിച്ചതും വിതരണം ചെയ്യുന്നതും കേരളത്തില്‍ മാത്രമാണ്.കര്‍ഷക കടാശ്വാസ കമീഷന്‍ എന്ന സര്‍ക്കാര്‍ സംവിധാനം നിലവിലുള്ള ഏക സംസ്ഥാനവും കേരളമാണ്. വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍വഹമില്ലാത്ത കുടുംബങ്ങള്‍ക്ക് അത്താണിയാണ് കേരളത്തിലെ കര്‍ഷക കടാശ്വാസ കമീഷന്‍. കര്‍ഷക ആത്മഹത്യ തടയുന്നതില്‍ കമീഷന്റെ പ്രവര്‍ത്തനം വലിയ പങ്കാണ് വഹിച്ചു വരുന്നത്.

 

കേന്ദ്രത്തിന്റെ റബര്‍ ഇറക്കുമതിയുടെ ഫലമായി കര്‍ഷകര്‍ നിരാലംബരായപ്പോള്‍ റബര്‍ കര്‍ഷകര്‍ക്ക് പ്രൊഡക്ഷന്‍ ഇന്‍സന്റീവ് നല്‍കി ഒരു കിലോ റബറിന് കുറഞ്ഞത് 150 രൂപ ഉറപ്പാക്കിയതും കേരള സര്‍ക്കാറാണ്. സംസ്ഥാനത്തെ പച്ചക്കറി കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായ വില ഉറപ്പാക്കാന്‍ 16 ഇനം പച്ചക്കറിക്കാണ് കേരള സര്‍ക്കാര്‍ തറവില നിശ്ചയിച്ചിരിക്കുന്നത്. എന്തിനേറെ, പ്രധാനമന്ത്രിയുടെ ഫസല്‍ബീമ യോജന പ്രീമിയം തുകയുടെ 50 ശതമാനം വഹിക്കുന്നത് തന്നെ സംസ്ഥാന സര്‍ക്കാരാണ്. ഇതിലെ ഗുണഭോക്താക്കള്‍ക്കായി 26 ഇനം കാര്‍ഷിക വിളയ്ക്ക്, സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയും നിലവില്‍ നടപ്പാക്കിയിട്ടുണ്ട്. രണ്ട് പദ്ധതിയിലും ചേരാനും രണ്ടിന്റെയും ആനുകൂല്യം വാങ്ങാനും, കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്.

കര്‍ഷക പെന്‍ഷന്റെ കാര്യത്തിലും വിപ്ലവകരമായ തീരുമാനമാണ് കേരളം സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 2,56,855 പേര്‍ക്കാണ് 1400 രൂപ വീതം പെന്‍ഷന്‍ നല്‍കി വരുന്നത്. ജനുവരി മുതല്‍ ഇത് 1500 ആക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. യുഡിഎഫ് ഭരണത്തില്‍ 500 രൂപ മാത്രമായിരുന്ന പെന്‍ഷന്‍ പോലും കുടിശ്ശികയായാണ് കിടന്നിരുന്നത്. എന്നാല്‍, പിണറായി സര്‍ക്കാര്‍ വന്നതോടെ പെന്‍ഷന്‍ തുക മൂന്നിരട്ടിയാക്കുക മാത്രമല്ല,കുടിശ്ശികയും തീര്‍ത്തു നല്‍കുകയുണ്ടായി. കര്‍ഷക പെന്‍ഷനായി ഇതുവരെ 1,830 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആറായിരം രൂപ വീതം പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് നല്‍കുന്നതായി കൊട്ടിഘോഷിക്കോമ്പോഴാണ് കേരളം കര്‍ഷകര്‍ക്ക് 18,000 രൂപ നല്‍കുന്നതെന്നതും നാം ഓര്‍ക്കണം.

കര്‍ഷകരോട് നീതി കാണിക്കുന്നില്ലന്ന് മാത്രമല്ല, അവരുടെ ഉള്ള അവകാശം പോലും കവരുന്ന നടപടിയാണ് കര്‍ഷക നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൈ കൊണ്ടിരിക്കുന്നത്. ഇത് ജനവിരുദ്ധമായ നടപടി തന്നെയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമേ പുതിയ നിയമം കൊണ്ട് നേട്ടമുണ്ടാകുകയൊള്ളൂ. ഇവിടെയാണ് കേരളം വ്യത്യസ്തമാകുന്നത്. ഇനി പറയാനുള്ളത് കോണ്‍ഗ്രസ്സിനോടാണ്. കര്‍ഷക സംസ്ഥാനമായ പഞ്ചാബും രാജസ്ഥാനും, ചത്തീസ്ഗഢും ഭരിക്കുന്നത് നിങ്ങളാണ്. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റു ചില സംസ്ഥാനങ്ങളില്‍ ഭരണപങ്കാളിത്വവുമുണ്ട്. ഇവിടങ്ങളില്‍ കേരള മോഡല്‍ നടപ്പാക്കാന്‍ കഴിയില്ലങ്കിലും, അതിന്റെ അടുത്തെത്തുന്ന പദ്ധതികളെങ്കിലും നടപ്പാക്കാനാണ് ഇനിയെങ്കിലും ശ്രമിക്കേണ്ടത്, എന്നിട്ടു വേണം കര്‍ഷകര്‍ക്കു വേണ്ടി കണ്ണീര്‍ പൊഴിയ്ക്കുവാന്‍.

Top