കർഷക പ്രക്ഷോഭം: 18ന് രാജ്യവ്യാപകമായി ട്രെയിൻ ഉപരോധിക്കും

ന്യൂഡൽഹി: കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി നാല് മണിക്കൂർ ‘റെയിൽ റോക്കോ’ (ട്രെയിൻ ഉപരോധം) നടത്തുമെന്ന് കർഷകർ അറിയിച്ചു. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെയാണ് ട്രെയിൻ തടയൽ. ഫെബ്രുവരി 12 മുതൽ രാജസ്ഥാനിൽ ടോൾ പിരിവ്അനുവദിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

ചർച്ച പുനഃരാരംഭിക്കാൻ തയാറാകണമെന്ന് കർഷകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രഖ്യാപനം. മൂന്ന് കൃഷി നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിനു കർഷകർ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ രണ്ടു മാസമായി തമ്പടിച്ചിരിക്കുകയാണ്.

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തിയതിനു പിന്നാലെ, ഈ മാസമാദ്യം കർഷകർ മൂന്നു മണിക്കൂർ റോഡ് ഉപരോധിച്ചിരുന്നു.

Top