മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം; വെടിവെച്ചത് പൊലീസ് തന്നെയെന്ന് ആഭ്യന്തരമന്ത്രി

ഭോപാല്‍: മധ്യപ്രദേശിലെ മന്ദ്‌സോറില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ ഉണ്ടായ വെടിവെപ്പ് പൊലീസ് നടത്തിയതു തന്നെയെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ്. നേരത്തെ പൊലീസ് വെടിവെപ്പല്ല മരണകാരണമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം.

സമരക്കാര്‍ക്ക് നേരെ പൊലീസ് വെടിവെച്ച സംഭവത്തില്‍ ജില്ലാ കലക്ടറേയും പൊലീസ് സുപ്രണ്ടിനെയും സ്ഥലം മാറ്റുകയും ചെയ്തു. അതേസമയം, വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഉദയ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ റോഡുമാര്‍ഗം യാത്രതിരിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ തടയുമെന്ന് പൊലീസ് അറിയിച്ചു.

എട്ടു ദിവസമായി മന്ദ്‌സോറില്‍ പ്രക്ഷോഭം നടക്കുകയാണ്. പ്രക്ഷോഭ സ്ഥലത്ത് ദ്രുതകര്‍മ്മ സേനയെ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മേല്‍ വീണ മരണ ശാപമാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് വാക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. കര്‍ഷക പ്രക്ഷോഭം കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്യുകയാണെന്ന് ബി.ജെ.പിയും ആരോപിച്ചു.

കാര്‍ഷിക ഉത്പന്നങ്ങള്‍ താങ്ങുവില നിശ്ചയിക്കണമെന്നും കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.സമരക്കാര്‍ക്കിടയിലേക്ക് നടന്ന പൊലീസ് വെടിവെപ്പില്‍ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്.

Top