Farmer Suicides Rose By 40 Percent During Modi Govt’s Reign

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക ആത്മഹത്യകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ധനവെന്ന് കണക്കുകള്‍. 2014ല്‍ രാജ്യത്തെ 5650 കര്‍ഷകരാണ് ജീവനൊടുക്കിയത്. 2015ല്‍ ഇത് എണ്ണായിരം കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്രയിലാണ് കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. 2014ല്‍(2,568) നിന്നും 2015ല്‍(3,030) എത്തുമ്പോള്‍ 18 ശതമാനം വര്‍ധന. മഹാരാഷ്ട്ര കഴിഞ്ഞാല്‍ തെലുങ്കാനയിലാണ് കൂടുതല്‍ പേര്‍ ജീവനൊടുക്കിയത്. മരണം 898ല്‍(2014) നിന്നും 1,350(2015) ആയി ഉയര്‍ന്നു. കര്‍ഷക ആത്മഹത്യാ നിരക്കില്‍ കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന. 2014ല്‍ സംസ്ഥാനത്ത് 321 കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2015ല്‍ 1,300 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആത്മഹത്യയുടെ എണ്ണത്തില്‍ തെലുങ്കാനയ്ക്ക് പിന്നില്‍ മൂന്നാമത്.

മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയാണ് കഴിഞ്ഞവര്‍ഷം 100ല്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റു സംസ്ഥാനങ്ങള്‍. ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷം കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യം കടുത്ത വരള്‍ച്ച അഭിമുഖീകരിച്ച വര്‍ഷങ്ങളായിരുന്നു 2014ഉം 2015ഉം. മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരെയാണ് വരള്‍ച്ച കൂടുതലും ബാധിച്ചത്. 2015ലും വരള്‍ച്ച തുടര്‍ന്നതോടെ കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടായി.

മഹാരാഷ്ട്രയിലെ കര്‍ഷകരാണ് വരള്‍ച്ചയില്‍ കൂടുതല്‍ നട്ടം തിരിഞ്ഞത്. ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ മറാത്തവാഡയില്‍ മാത്രം 400ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മറാത്തവാഡയിലെ എട്ട് ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം 1,130 കര്‍ഷകര്‍ ജീവനൊടുക്കിയിരുന്നു.

കര്‍ണാടകയേയും വരള്‍ച്ച രൂക്ഷമായി ബാധിച്ചു. 2015ല്‍ സംസ്ഥാനത്തെ 176 താലൂക്കുകളില്‍ 140നേയും സര്‍ക്കാര്‍ വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.

കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ ആവശ്യമായ നടപടികളെല്ലാം എടുത്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും അതൊന്നും താഴെ തട്ടില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കര്‍ഷക ആത്മഹത്യകളിലെ വര്‍ധന.

Top