കര്‍ഷക ആത്മഹത്യ ; റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: പേരാമ്പ്ര ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്.

വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും തുല്യഉത്തരവാദികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സര്‍ക്കാറിന് കൈമറി.

ഭൂമിയുടെ കരം അടയ്ക്കാന്‍ വില്ലേജ് അസിസ്റ്റന്റ് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആത്മഹത്യചെയ്ത ജോയിയുടെ ഭാര്യ മോളി പറഞ്ഞു.

വസ്തുവിന്റെ രേഖകളെല്ലാം കൃത്യമായി ഉണ്ടായിരുന്നിട്ടും കൈക്കൂലി ആവശ്യപ്പെട്ടു. ഇതില്‍ മനംനൊന്താണ് ജോയി ആത്മഹത്യചെയ്തത്. കുടുംബത്തിന്റെ കടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മോളി പറഞ്ഞു.

അതേസമയം റവന്യൂ ഉദ്യോഗസ്ഥരായ വില്ലേജ് ഓഫീസര്‍ സണ്ണിയെയും, വില്ലേജ് അസിസ്റ്റന്റ് സിലീഷിനെയും വ്യാഴാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കാവില്‍ പുരയിടത്തില്‍ ജോയ് എന്ന തോമസാണ് വില്ലേജ് ഓഫീസില്‍ മരിച്ചത്. ഭൂ നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിരുന്നു.

കര്‍ഷകന്‍ ആത്മഹത്യാ ചെയ്യാനിടയായത് വില്ലേജ് ഓഫീസ് അധികൃതരുടെ പീഡനമാണെന്ന് ആരോപിച്ചുള്ള നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

Top