മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ : ഉത്തരവാദി മോദിയെന്ന് ആത്മഹത്യാകുറിപ്പ്

Narendra Modi

മുംബൈ: കര്‍ഷക സമരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നതിനിടെ മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. യുവത്മാല്‍ ജില്ലയില്‍ ഘന്‍ടാന്‍ജി സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെ എന്ന അമ്പത്തഞ്ചുകാരനാണ് കടക്കെണിയിലായി ജീവനൊടുക്കിയത്.

തൂങ്ങിമരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം കീടനാശിനി കഴിക്കുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കുറിപ്പെഴുതിവച്ചശേഷമാണ് കര്‍ഷകന്‍ ജീവനൊടുക്കിയത്.

ശങ്കര്‍ ബാബുറാവുവിന്റെ ഈ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. കടഭാരം കുന്നുകൂടി. വായ്പാ തുക വളരെ വലുതാണ്. അതുകൊണ്ട് ഞാന്‍ ജീവനൊടുക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്നായിരുന്നു ശങ്കര്‍ ബാബുറാവുവിന്റെ കുറിപ്പില്‍ പറയുന്നത്.

ഭാര്യ അല്‍ക്കയ്ക്കും നാലു മക്കള്‍ക്കുമൊപ്പമാണ് ശങ്കര്‍ ബാബുറാവു ജീവിച്ചിരുന്നത്. കൃഷിക്കായി ഇദ്ദേഹം വന്‍ തുക വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് ജീവനൊടുക്കിയത്.

Top