കാര്‍ഷിക ബില്‍; പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ സമൂല പരിഷ്‌കരണം ലക്ഷ്യമാക്കി അവതരിപ്പിച്ച മൂന്ന് കാര്‍ഷികബില്ലുകള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം ആൡക്കത്തുന്നു. പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന ബില്ലുകള്‍ ഭരണകക്ഷിയായ എന്‍.ഡി.എ.യ്ക്കുള്ളിലും തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്. ശിരോമണി അകാലിദളിനു (എസ്.എ.ഡി.) പിന്നാലെ ഹരിയാനയിലെ ഘടകക്ഷിയായ ജനനായക് ജനതാ പാര്‍ട്ടിയും (ജെ.ജെ.പി.) കര്‍ഷകബില്ലിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇവരെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പഞ്ചാബിലെ സഖ്യകക്ഷിയായ ഹരിയാനയിലെ ഖട്ടാര്‍ മന്ത്രിസഭ താഴെപ്പോയേക്കാം.

ഗ്രാമീണ കാര്‍ഷിക വിപണന സംവിധാനത്തിന്റെ നട്ടെല്ലൊടിക്കുന്ന ബില്ലുകള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് പഞ്ചാബ്, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകള്‍. അതേസമയം, പ്രതിഷേധത്തിനിടയിലും ബില്ലുകള്‍ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ഇനി രാജ്യസഭ കൂടി പാസാക്കേണ്ടതുണ്ട്.

ജൂണ്‍ അഞ്ചിന് ഇറക്കിയ ഓര്‍ഡിനന്‍സുകള്‍ പിന്‍വലിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ബില്ലുകള്‍ കൊണ്ടുവന്നത്. മുമ്പ് ഓര്‍ഡിനന്‍സുകളെ പിന്തുണച്ചിരുന്ന എസ്.എ.ഡി. കാര്‍ഷികമേഖലകളിലെ വോട്ട് ബാങ്ക് തകരുമെന്ന ഭയംമൂലം പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നു. മോദി മന്ത്രിസഭയില്‍നിന്ന് സ്വന്തം പ്രതിനിധിയെ എസ്.എ.ഡി. പിന്‍വലിച്ചത് എന്‍.ഡി.എ.യ്ക്ക് ആഘാതമായി.

ബില്ലുകള്‍ക്കെതിരേ ഹരിയാനയിലെ കര്‍ഷകരും രംഗത്തെത്തിയതോടെയാണ് ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പി.യും പ്രതിഷേധിക്കുന്നത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ നേരില്‍ക്കണ്ട് ചൗട്ടാല കഴിഞ്ഞ ദിവസം നിലപാടറിയിച്ചു. ചൗട്ടാലയുടെ പാര്‍ട്ടിയായ ജെ.ജെ.പി.യുടെ പത്തംഗങ്ങളുടെ ബലത്തിലാണ് ഹരിയാനയില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.

ബി.ജെ.പി.ക്ക് നിലവില്‍ ഭൂരിപക്ഷമുള്ളതിനാല്‍ മോദിസര്‍ക്കാരിന് സഖ്യകക്ഷികളുടെ വിട്ടുപോക്കോ, പിണക്കമോ തത്കാലം രാഷ്ട്രീയ പ്രതിസന്ധിയല്ല. എങ്കിലും എസ്.എ.ഡി.യെയും ജെ.ജെ.പി.യെയും അനുനയിപ്പിക്കാന്‍ ബി.ജെ.പി. ശ്രമമാരംഭിച്ചിട്ടുണ്ട്. കാര്‍ഷിക മേഖല നിര്‍ണായകമായ ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ, കൂടുതല്‍ സഖ്യകക്ഷികളിലേക്ക്് എതിര്‍പ്പ് പടരാതിരിക്കാന്‍ ദേശീയ നേതൃത്വം ശ്രമിക്കും.

Top