ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കള്‍ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. സിംഗു അതിര്‍ത്തിയില്‍ പതിനൊന്ന് കര്‍ഷക സംഘടനകളുടെ നേതാക്കളാണ് ഇന്ന് നിരാഹാരമിരിക്കുന്നത്. അതേസമയം, ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കത്തിന് കര്‍ഷക സംഘടനകള്‍ ഇന്ന് മറുപടി നല്‍കും. കത്തില്‍ പുതുതായി ഒന്നുമില്ലെന്നാണ് സംഘടനകളുടെ പൊതുവികാരം.
കര്‍ഷക പ്രക്ഷോഭം പുതിയ രൂപങ്ങളിലേക്ക് കടക്കുകയാണ്. പ്രക്ഷോഭ വേദികളില്‍ കര്‍ഷക നേതാക്കള്‍ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യാഗ്രഹത്തിലാണ്. സിംഗു അതിര്‍ത്തിയില്‍ പതിനൊന്ന് കര്‍ഷക നേതാക്കള്‍ നിരാഹാരമിരിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ റിലേ നിരാഹാരം തുടരാനാണ് തീരുമാനം.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ കേന്ദ്രം ആദ്യം നിലപാട് വ്യക്തമാക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനില്‍ക്കുകയാണ്.