Farmer in Maharashtra ‘Invites’ Villagers for Last Rites

മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത്‌വാഡാ ജില്ലയിലെ ജല്‍നയില്‍ കടക്കെണിയിലായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തന്റെ രണ്ടേക്കര്‍ കൃഷിഭൂമിയില്‍ സോയാബീന്‍ കൃഷി ഇറക്കിയെങ്കിലും പ്രദേശത്തുണ്ടായ കനത്ത വരള്‍ച്ച മൂലം കൃഷി നശിച്ചു. ഇത് മൂലം മകളുടെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളും നടത്താന്‍ കഴിയാഞ്ഞതിലുള്ള വിഷമം മൂലമാണ് ശേഷ്‌റാവു ഷെജൂള്‍ (40) ആത്മഹത്യ ചെയ്തത്.

അത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം താന്‍ എല്ലാവരെയും വിട്ട് പോകുകയാണെന്നും തന്റെ അവസാന ചടങ്ങുകള്‍ക്ക് വരണമെന്നും പറഞ്ഞ് നാട്ടുകാരെ ഷെജൂള്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ആരും അത് കാര്യമായി എടുത്തില്ല. പിറ്റേന്ന് രാവിലെ വേപ്പ് മരത്തില്‍ തൂങ്ങി നില്‍ക്കുന്ന ഷെജൂളിനെയാണ് എല്ലാവരും കാണുന്നത്.

കര്‍ഷകന്റെ ആത്മഹത്യയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സഖ്യ കക്ഷിയായ ശിവസേന രംഗത്തെത്തി. ശേഷ്‌റാവുവിന്റെ ക്ഷണം മന്ത്രാലയത്തില്‍ എത്തിയിരുന്നോ? ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടായാല്‍ നമുക്കതിനെ മേക്ക് ഇന്‍ മഹാരാഷ്ട്ര എന്ന് പറയാമോ? എന്ന് ശിവസേനാ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലില്‍ ചോദിക്കുന്നു. അതോ ശേഷ്‌റാവുവിന്റെയും മറ്റ് ആയിരത്തോളം കര്‍ഷകരുടെ ആത്മഹത്യയും മേക്ക് ഇന്‍ ഇന്ത്യയുടെ നേട്ടമാണെന്ന് പറയാമോ എന്നും സാമ്‌ന ചോദിക്കുന്നു.

Top