വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം

തൃശൂർ : തൃശൂർ പുതുക്കാട് ഉഴിഞ്ഞാൽപ്പാടത്ത് താഴ്ന്നു കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. പുതുക്കാട് സ്വദേശി മനോജ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. മനോജ് പാടശേഖര സമിതി പ്രസിഡന്റ് കൂടിയാണ്. തിങ്കളാഴ്‌ച രാവിലെ എട്ടിനായിരുന്നു അപകടം.

സ്വന്തം കൃഷിയിടത്തിൽ നെൽകൃഷിക്ക് വെള്ളം കെട്ടിനിർത്തിയത് നോക്കുന്നതിനിടെയാണ് മനോജിന് ഷോക്കേറ്റത്. അടുത്ത കണ്ടത്തിലേക്ക് കടക്കുന്നതിനിടെ നെഞ്ചുയരത്തിൽ തൂങ്ങി നിന്ന കമ്പി തോളിൽ തട്ടുകയായിരുന്നു. സമീപ കൃഷിയിടത്തിൽ ഉണ്ടായിരുന്ന തിലകൻ എന്ന ആളാണ് നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷപ്രവർത്തനം നടത്തിയത്. ഉടനെ തന്നെ മനോജിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വരാക്കര സ്വദേശി തിലകനും രാവിലെ ഇതേസ്ഥലത്ത് ട്രില്ലർ ഉപയോഗിച്ച് നിലമൊരുക്കുന്നതിനിടയിൽ ഷോക്കേറ്റിരുന്നു. എന്നാൽ പരിക്ക് ഗുരുതരമല്ല. ഒരു വർഷം മുമ്പ് വൈദ്യുതി അദാലത്തിൽ പാടത്തെ അപകടാവസ്ഥയെക്കുറിച്ച് മനോജ് പരാതിപ്പെട്ടിരുന്നു. തൃശ്ശൂർ ടൗൺ ഹാളിൽ നടന്ന അദാലത്തിൽ പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. നാട്ടുകാർ വൈദ്യുതിവകുപ്പിന്റെ പുതുക്കാട് സെക്ഷൻ ഓഫീസിലും കഴിഞ്ഞ 30ന് പരാതി നൽകിയിരുന്നു. മികച്ച നെൽക്കർഷകനുള്ള പുതുക്കാട് പഞ്ചായത്തിന്റെ പുരസ്‌കാരം നേടിയിട്ടുള്ളയാളാണ് മനോജ്.

Top