ഹരിയാനയിലും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് ; ഇനിയും മോദി വിയര്‍ക്കും

ചണ്ഡീഗഡ്: രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തി മണിക്കൂറുകള്‍ക്കകം കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയതു പോലെ അധികാരത്തിലേറിയാല്‍ ഹരിയാനയിലും ആവര്‍ത്തിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഭൂപീന്ദര്‍ സിംങ് ഹൂഡയാണ് വാഗ്ദാനവുമായി രംഗത്തെത്തിരിക്കുന്നത്.

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ആറുമണിക്കൂറിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും. വാര്‍ധക്യ പെന്‍ഷന്‍ 2000 രൂപയില്‍ നിന്ന് 3000 രൂപയായി വര്‍ധിപ്പിക്കും. വൈദ്യുതി നിരക്കുകള്‍ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ പകുതിയായി കുറയ്ക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും എന്നത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പത്രത്തിലെ വാഗ്ദാനമായിരുന്നു.അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു.

എന്നാല്‍ കര്‍ഷകരെ വരുതിയിലാക്കാന്‍ വന്‍കാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപിയും. ഇതിനായി ബിജെപി ദേശീയ നേതൃത്വം പ്രത്യേക കൂടിക്കാഴ്ച നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി കിട്ടിയ തിരിച്ചടിയില്‍ പിഴച്ച ചുവടുകളില്‍ നിന്ന് തുടങ്ങാനാണ് ബിജെപിയുടെ പദ്ധതി. അടുത്തമാസം കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top