ഞങ്ങള്‍ക്ക് പാര്‍ട്ടിയില്ല; നിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു, എന്നാല്‍ തങ്ങളുടെ ആവശ്യം നിയമപരമായി ഉറപ്പാക്കിയ ശേഷം മാത്രമാകും സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും, താങ്ങുവിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.

മാത്രമല്ല, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് കോര്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

രണ്ട് കാര്യങ്ങള്‍വച്ചാണ് ഞങ്ങള്‍ സമരം തുടങ്ങിയത്. ഒന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക. രണ്ട് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുക. എന്നാല്‍ താങ്ങുവിലയുടെ കാര്യത്തില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തിയിട്ടില്ല. അക്കാര്യത്തില്‍ നിയമപരമായ ഉറപ്പു ലഭിക്കണം. രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ കോര്‍ഡിനേറ്ററും മലയാളിയുമായ കെ.വി.ബിജു പറഞ്ഞു. തങ്ങള്‍ ഒരുപാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ കേന്ദ്രസര്‍ക്കാരിനെ വിശ്വസിക്കുമെന്നും കെ.വി.ബിജു പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് ഇന്ന് കര്‍ഷക വിജയ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളില്‍ കര്‍ഷക റാലികളും കര്‍ഷക സഭകളും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഹ്വാനം ചെയ്തു.

Top