കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു; മരണവാറണ്ടെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ബില്ലുകള്‍ അവതരിപ്പിച്ചത്. കാര്‍ഷിക വിപണന നിയന്ത്രണം എടുത്തുകളയുന്ന ബില്ലും കരാര്‍ കൃഷി അനുവദിക്കുന്ന ബില്ലുമാണ് അവതരിപ്പിച്ചത്. കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ മരണവാറണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

രണ്ടു ബില്ലുകള്‍ക്കും പ്രതിപക്ഷം നിരാകരണ പ്രമേയം നല്‍കിയിരുന്നു. കെ. കെ. രാഗേഷ്, എളമരം കരീം, എം.വി. ശ്രേയാംസ് കുമാര്‍, കെ. സി. വേണുഗോപാല്‍ തുടങ്ങിയവര്‍ ബില്ലിനെ എതിര്‍ത്തു. ബില്ലിന്‍മേല്‍ ചര്‍ച്ച നടക്കുകയാണ്. ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് നാല് അംഗങ്ങള്‍ നോട്ടീസ് നല്‍കിയിരുന്നു.

ബില്ലുകള്‍ പാസ്സാകുമെന്ന വിശ്വാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍. സഭയില്‍ 243 പേരാണ് ഉള്ളത്. ഇതില്‍ 10 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 15 പേര്‍ അവധിയിലാണ്. 105 പേരുടെ പിന്തുണയാണ് ബില്ല് പാസ്സാവാന്‍ ആവശ്യമുള്ളത്. ഇത് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നൂറു പേരുടെ പിന്തുണ പ്രതിപക്ഷവും അവകാശപ്പെടുന്നുണ്ട്.

കോണ്‍ഗ്രസ്, ബിജെപി ഇതര പ്രാദേശിക കക്ഷികളായ ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി, എഐഎഡിഎംകെ തുടങ്ങിയവരുടെ പിന്തുണ നിര്‍ണായകമാകും.

Top