കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയുള്ളത്; പിന്നോട്ടില്ലെന്ന് മോദി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതാണ് കര്‍ഷക നിയമങ്ങളെന്നും ഉത്പ്പന്നങ്ങളെവിടെയും വില്‍ക്കാനുള്ള സ്വാതന്ത്യമാണ് നിയമങ്ങളിലൂടെ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കാര്‍ഷിക നിയമങ്ങളിലുള്ള ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

തിങ്കളാഴ്ച വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മറുപടി നല്‍കിയേക്കും. അതിനിടെ, കര്‍ഷക സമരത്തിന്മേല്‍ ട്വിറ്ററിലൂടെയുള്ള പ്രതികരണങ്ങള്‍ തുടരുകയാണ്. രാജ്യാന്തര തലത്തിലും നിരവധിപ്പേരാണ് കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഈ പശ്ചാത്തലത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍ കേന്ദ്രം എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കര്‍ഷക സമരത്തിന്റെ സ്ഥിതി വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തണമെന്നും സമരത്തെ അനുകൂലിച്ച് രാജ്യത്തിന് എതിരെ നടക്കുന്ന പ്രചാരണം ചെറുക്കണമെന്നുമാണ് നിര്‍ദ്ദേശം.

അതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെയും കര്‍ഷക നേതാക്കളെയും സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഇതര എംപിമാരെ ഗാസിപ്പൂരിലെ സമരവേദിക്കടുത്തേക്ക് കടത്തി വിട്ടില്ല. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പത്ത് പ്രതിപക്ഷ കക്ഷി നേതാക്കളാണ് ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ എത്തിയിരുന്നത്.

ഡിഎംകെ എംപിമാരായ കനിമൊഴി, തിരുച്ചി ശിവ, ആര്‍സ്പി എംപി എന്‍ കെ പ്രേമചന്ദ്രന്‍, എന്‍സിപി എംപി സുപ്രിയ സുലേ, സിപിഎം എംപി എഎം ആരിഫ് എന്നിവര്‍ക്കൊപ്പം ശിരോമണി അകാലി ദള്‍ പ്രതിനിധിയായി ഹര്‍സിമ്രത് കൗര്‍ ബാദലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നു.

 

Top