കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; ബജറ്റില്‍ 75,060 കോടിയുടെ പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: കര്‍ഷക ക്ഷേമത്തിനായി ബജറ്റില്‍ 75,060 കോടിയുടെ പദ്ധതികള്‍. 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടി വകയിരുത്തി. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു. ഗോതമ്പ് കര്‍ഷകര്‍ക്ക് 75,000 കോടിയും മൈക്രോ ഇറിഗേഷന് 5000 കോടിയും അനുവദിച്ചു. നൂറ് ജില്ലകള്‍ കൂടി സിറ്റി ഗ്യാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ചെറുകിട സംരംഭങ്ങള്‍ വായ്പാ ഇളവ് നല്‍കും.

കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും യുപിഎ സര്‍ക്കാര്‍ നല്‍കിയതിന്റെ ഇരട്ടിയലധികം തുകയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഇതുവരെ നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ അതിശക്തമായ സാഹചര്യത്തിലാണ് പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചിരുന്നു.

സാമ്പത്തിക പദ്ധതികള്‍ വഴി 400 ദശലക്ഷം കര്‍ഷകര്‍ക്ക് മെച്ചമുണ്ടായി. 2021 പല നാഴികകല്ലുകളുടെയും വര്‍ഷമാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍, സ്ത്രീ ശാക്തീകരണം, യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവ യാഥാര്‍ഥ്യമാക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തില്‍ പറഞ്ഞു. ആത്മനര്‍ഭര്‍ പദ്ധതികള്‍ സാമ്പത്തിക ഉണര്‍വ് നല്‍കി. കോവിഡ് മൂലമാണ് രാജ്യത്ത് സാമ്പത്തിക ഇടിവുണ്ടായത്. കോവിഡ് കാലത്ത് 80 കോടി പേര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കി. കോവിഡ് മരണങ്ങള്‍ ഏറ്റവും കുറവ് ഇന്ത്യയിലാണ്. സാമ്പത്തിക മേഖല തിരിച്ച് പിടിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നുമെന്നും മന്ത്രി വ്യക്തമാക്കി.

Top