അണ്ണാ ഹസാരെയെ തണുപ്പിക്കാന്‍ ഫഡ്‌നാവിസിനെ ഇറക്കി ബിജെപി

പൂനെ: കര്‍ഷക സമരത്തില്‍ പിന്തുണ അറിയിച്ച അണ്ണാ ഹസാരെയെ അനുനയിപ്പിക്കാന്‍ ബി.ജെ.പി രംഗത്ത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് അണ്ണാ ഹസാരെയുമായി കൂടിക്കാഴ്ച നടത്തി. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 30 മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ അറിയിച്ചിരുന്നു. കേന്ദ്രത്തിന് കത്തയച്ചുകൊണ്ടായിരുന്നു ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളെ വരെ രംഗത്തിറക്കി ബി.ജെ.പി അണ്ണാ ഹസാരെയുമായി ചര്‍ച്ചകള്‍ നടത്തുന്നത്.

നേരത്തെ ഫഡ്നാവിസിനോട് സംസാരിക്കില്ലെന്ന് ഹസാരെ അറിയിച്ചിരുന്നു. പ്രശ്നങ്ങളില്‍ പരിഹാരം കാണുമെന്ന് മൂന്ന് തവണ രേഖാമൂലം അറിയിച്ചിട്ടും നടപ്പിലാക്കത്തവരുമായി നേരിട്ട് സംസാരിച്ചിട്ട് എന്താണ് പ്രയോജനമെന്നായിരുന്നു ഹസാരെ പറഞ്ഞിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച അഹമ്മദ് നഗറിലെ ഹസാരെയുടെ താമസസ്ഥലത്തെത്തി ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തുകയായിരുന്നു. കാര്‍ഷികരംഗവുമായി ബന്ധപ്പെട്ട് ഹസാരെ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഫഡ്നാവിസ് അറിയിച്ചു. അദ്ദേഹം ഉന്നയിച്ച വിഷയങ്ങളില്‍ എത്രയും വേഗം പരിഹാരം കാണുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.

പുതിയ കാര്‍ഷിക നിയമയങ്ങള്‍ ജനാധിപത്യപരമല്ലെന്നും ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതാണെന്നും ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു. എം.എസ് സ്വാമിനാഥന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്നതാണ് ഹസാരെയുടെ മുഖ്യ ആവശ്യം.

അതേസമയം റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും കര്‍ഷക പ്രതിനിധികള്‍ വ്യക്തമാക്കി. നവംബര്‍ 26നാണ് കര്‍ഷക സമരം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരുമായി ഇതിനോടകം കര്‍ഷകര്‍ പത്ത് പ്രാവശ്യം ചര്‍ച്ച നടത്തിക്കഴിഞ്ഞു. കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന് നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുകയാണ്. നേരത്തെ കാര്‍ഷിക നിയമം നടപ്പിലാക്കുന്നത് രണ്ട് മാസത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

Top